X

‘ഏറ്റുമാനൂരപ്പനെ’ കണ്ടെത്താന്‍ സഹായിച്ച രമണിക്ക് 37 വര്‍ഷത്തിന് ശേഷം ദേവസ്വംബോര്‍ഡിന്റെ സമ്മാനം

പ്രമാദമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹ മോഷണം നടന്നത് 1981 മേയ് 24-നാണ്. മോഷ്ടാക്കള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

മോഷ്ടിക്കപ്പെട്ട ‘ഏറ്റുമാനൂരപ്പനെ’ കണ്ടെത്താന്‍ സഹായിച്ച രമണിക്ക് (48) തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പുതിയ വീട് നിര്‍മിച്ചുനല്‍കും. 37 കൊല്ലം മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടന്ന വിഗ്രഹ മോഷണക്കേസിന്റെ അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത് പാറശ്ശാല സ്വദേശിനി രമണിയാണ്. സാമ്പത്തികമായി വളരെയധികം കഷ്ടത അനുഭവിക്കുന്ന രമണിയുടെ അവസ്ഥ മുമ്പ് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പുതിയ വീട് നിര്‍മിച്ചുനല്‍കാന്‍ ഒരുങ്ങുന്നത്.

ദേവസ്വംബോര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പിലാക്കാന്‍ പോകുന്ന ‘ശരണാശ്രയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 680 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ വെള്ളറട കിളിയൂരില്‍ 21-ാം തീയതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

പ്രമാദമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹ മോഷണം നടന്നത് 1981 മേയ് 24-നാണ്. മോഷ്ടാക്കള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. വിഗ്രഹമോഷണക്കേസ് തെളിയിക്കാന്‍ തുമ്പുണ്ടാക്കിയത് അന്ന് പാറശ്ശാലയിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിച്ചിരുന്ന രമണിയുടെ നോട്ടുബുക്കിലെ കടലാസായിരുന്നു.

രമണിയുടെ വീട്ടുകാര്‍ പഴയ കടലാസുകളും നോട്ടുബുക്കുകളും അടുത്തുള്ള കുഞ്ഞന്‍ നാടാരുടെ ഇരുമ്പുകടയില്‍ വിറ്റിരുന്നു. ഈ കടയില്‍ നിന്നാണ് സ്റ്റീഫന്‍ കവര്‍ച്ചയ്ക്കുപയോഗിച്ച കമ്പിപ്പാര വാങ്ങിയത്. കടയുടമ പാര പൊതിഞ്ഞുകൊടുത്തത് രമണിയുടെ പുസ്തകത്തിലെ കടലാസിലായിരുന്നു. രമണിയുടെ സ്‌കൂള്‍വിലാസം ഇതിലുണ്ടായിരുന്നു.

മോഷണശേഷം ഈ കടലാസ് സ്റ്റീഫന്‍ ക്ഷേത്രക്കുളത്തിനു സമീപം ഉപേക്ഷിച്ചു. രമണിയുടെ നോട്ടുബുക്കിലെ കടലാസിലുണ്ടായിരുന്ന മേല്‍വിലാസത്തിലൂടെ പാറശ്ശാലയ്ക്ക് സമീപത്തെ ധനുവച്ചപുരം സ്വദേശിയായ സ്റ്റീഫനാണ് കേസിലെ പ്രതിയെന്ന് പോലീസിന് സൂചന ലഭിച്ചു. തുടര്‍ അന്വേഷണത്തില്‍ വിഗ്രഹം സ്റ്റീഫന്റെ വീടിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് രമണി കിളിയൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസംമാറി. ഭര്‍ത്താവ് രോഗബാധിതനായി ഒരു വര്‍ഷം മുമ്പ് മരിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി പിഎസ്‌സി പരീക്ഷ പരിശീലനം നടത്തുന്ന മക്കളോടൊപ്പം ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്ന രമണിയുടെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

തുടര്‍ന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ ഇടപെടലില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പദ്മകുമാര്‍ സ്ഥലത്തെത്തി പുതി വീട് നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പും നല്‍കിയിരുന്നു.