വീണ്ടും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഉദ്ധരിച്ച് പിയൂഷ് ഗോയല്‍. ഒരു വ്യക്തിക്ക് തെറ്റൊന്നും പറ്റിയിട്ടില്ല എങ്കില്‍ അയാള്‍ പുതുതായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് അര്‍ത്ഥം എന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞിട്ടുണ്ട് എന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ ഗണിതം ഐന്‍സ്റ്റീനെ സഹായിച്ചിട്ടില്ല എന്ന പിയൂഷ് ഗോയലിന്റെ അബദ്ധ പ്രസ്താവന വലിയ ചര്‍ച്ചയാവുകയും വലിയ തോതില്‍ പരിഹാസങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുംബൈയിലെ ഒരു പൊതുപരിപാടിക്കിടെ പിയൂഷ് ഗോയല്‍ ഇന്ന് ഇക്കാര്യം പറഞ്ഞത്.
ഐസക് ന്യൂട്ടന്റെ കണ്ടുപിടിത്തമായ ഭൂ ഗുരുത്വാകര്‍ഷണം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പേരില്‍ വച്ച വിഡ്ഢിത്തരത്തിന്റെ പേരിലാണ് പിയൂഷ് ഗോയല്‍ പരിഹസിക്കപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള ട്രോളിംഗ് ആണ് പിയൂഷ് ഗോയലിനെതിരെ വന്നത്.
ന്യൂട്ടണ്‍ പകരം ഞാന്‍ പറഞ്ഞത് ഐന്സ്റ്റീന് എന്നാണ്. എന്നാല്‍ ഐന്സ്റ്റീന് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട് – ഒരു വ്യക്തിക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെങ്കില്‍ അയാള്‍ പുതുതായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്ന്. തെറ്റുകള്‍ പറ്റുന്നതിനെ ഭയക്കുന്നയാളല്ല ഞാന്‍. തെറ്റ് ബോധ്യപ്പെട്ട നിമിഷം ഞാനത് വിശദീകരിച്ചിട്ടുണ്ട്.
അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കണക്കും ഐന്‍സ്റ്റീനുമൊക്കെ കടന്നുവന്നത് എന്നാണ് പിയൂഷ് ഗോയല്‍ പറഞ്ഞത്. സെപ്റ്റംബര്‍ 12ന്റെ വാര്‍ത്താസമ്മേളനത്തിലാണ് പിയൂഷ് ഗോയല്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐന്‍സ്റ്റീനാണ് എന്ന് പറഞ്ഞത്.
This post was last modified on September 14, 2019 9:20 pm