X

മുസ്ലിം അവതാരകനെ കാണുന്നത് വെറുപ്പ്, ‘ഹം ഹിന്ദു’ നേതാവ് ചാനൽ ചർച്ചയിൽ കണ്ണുപൊത്തി

ന്യൂസ്24 എന്ന വാർത്താ ചാനല്‍ നടത്തിയ സംവാദ പരിപാടിക്കിടെയാണ് സംഭവം.

മുസ്ലിമായ വാർത്താവതാരകനെ കാണുന്നത് വെറുപ്പായതിനാൽ ടെലിവിഷൻ ചർച്ചയിൽ പങ്കെടുക്കവെ കണ്ണു പൊത്തിപ്പിടിച്ച് ‘ഹം ഹിന്ദു’ സംഘടനയുടെ തലവൻ അജയ് ഗൗതം. അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്നും ഭക്ഷണം കൈപ്പറ്റുന്നത് വെറുപ്പായതിനാൽ സൊമാറ്റോ അഗ്രിഗേറ്ററിൽ ഓർഡർ റദ്ദാക്കിയ സംഭവത്തിലെ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വിദ്വേഷപ്രകടനം വരുന്നത്.

ന്യൂസ്24 എന്ന വാർത്താ ചാനല്‍ നടത്തിയ സംവാദ പരിപാടിക്കിടെയാണ് സംഭവം. അവതാരകൻ മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതോടെയാണിത്. സൗദ് ഖാലിദ് എന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു അവതാരകൻ.

അജയ് ഗൗതമിനെ ഇനി വാർത്താ പരിപാടികൾ പങ്കെടുപ്പിക്കില്ലെന്ന് ന്യൂസ്24 തീരുമാനിച്ചിട്ടുണ്ട്യ ഇദ്ദേഹം ചെയ്തതു പോലുള്ള പ്രവൃത്തികൾ തങ്ങൾ പിന്തുടരുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ന്യൂസ്24 ചാനൽ ഉടമ അനുരാധാ പ്രസാദ് അറിയിച്ചു. അജയ് ഗൗതമിന്റെ നടപടി തങ്ങളെ ഞെട്ടിച്ചതായും അവർ വ്യക്തമാക്കി.

2015ൽ സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഹം ഹിന്ദു. മധ്യപ്രദേശുകാരനാണ് അജയ് ഗൗതം. സ്വരൂപാനന്ദ സരസ്വതി ശങ്കരാചാര്യയാണ് ഈ സംഘടനയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സംഘപരിവാർ സംഘടനകളുടേതു പോലെ ‘സമ്പൂർണമായ ഹിന്ദുരാഷ്ട്രം’ ആണ് സംഘടനയുടെ ലക്ഷ്യം.

Related Post
Leave a Comment