X

അന്വേഷണം തീരുംവരെ ചന്ദ കൊച്ചാറിനോട് അവധിയിൽ പ്രവേശിക്കാൻ ഐസിഐസിഐ ബാങ്ക്

ബാങ്കിന്‍റെ പ്രവർത്തനങ്ങളെല്ലാം ഇനിമുതല്‍ ബക്ഷിയാകും നിയന്ത്രിക്കുക.

ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാറിന് എതിരെ ഉയർന്ന ആരോപണത്തിന്മേലുള്ള ആഭ്യന്തര അന്വേഷണം തീരുന്നതുവരെ അവരോട് അവധിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കി. അതുവരെ ബാങ്കിന്‍റെ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് എംഡിയും സിഇഒയുമായ സന്ദീപ് ബക്ഷി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ആയി നേതൃചുമതലകൾ വഹിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ബോർഡ് അറിയിച്ചു.

ബാങ്കിന്‍റെ പ്രവർത്തനങ്ങളെല്ലാം ഇനിമുതല്‍ ബക്ഷിയാകും നിയന്ത്രിക്കുക. ഐസിഐ ബാങ്കിന്‍റെ എക്സിക്യുട്ടിവ് മാനേജ്മെന്‍റും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡും സിഒഒ-യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ ചന്ദ കൊച്ചാര്‍ എംഡിയായി തുടരുന്നതിനാല്‍ ബാങ്കിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുവാനും ആവശ്യമെങ്കില്‍ റിപ്പോര്‍ട്ടുകള്‍ തേടാനും അവര്‍ക്ക് അധികാരമുണ്ടാകും. കൊച്ചാർ വാർഷിക അവധിയാണ് എടുത്തതെന്നും നിർബന്ധിത അവധിയിൽ പ്രവേശിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ബാങ്ക് വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഐസിഐസിഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ടാണു ചന്ദ കൊച്ചാറിനെതിരെ അന്വേഷണം നടത്തുന്നത്. ചന്ദ കൊച്ചാറിന്‍റെ ഭർത്താവ് ദീപക് കൊച്ചാറാണ് ഈ സ്ഥാപനത്തിന്‍റെ മേധാവി. വായ്പാ ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ബാങ്ക് കൈക്കൊണ്ടിരുന്നത്. കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നതോടെയാണ് ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗം സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറായത്.

This post was last modified on June 19, 2018 7:14 am