X

ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാൽ അവര്‍ക്ക് ‘ശുദ്ധി’ വരില്ല: ഉമാഭാരതിയുടെ പ്രസ്താവന വിവാദമാകുന്നു

ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നതോടെ അവർക്ക് ശുദ്ധി കൈവരാൻ താൻ രാമനല്ലെന്നും ദളിതരെ ശുദ്ധീകരിക്കാൻ സ്വന്തം വീട്ടിൽ ഭക്ഷണമുണ്ടാക്കി നൽകുമെന്നും ഉമാഭാരതി പറഞ്ഞു.

താൻ ദളിതരുടെ വീട്ടിൽപോയി ഭക്ഷണം കഴിച്ചാൽ അവർക്ക് ശുദ്ധി വരില്ലെന്നും, ശുദ്ധി വരണമെങ്കിൽ അവർ തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കണമെന്നും ബിജെപി നേതാവും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ ഉമാഭാരതി. ദളിതരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ ഉമാഭാരതിയുടെ മനസ്സ് അനുദിക്കാത്തതിനു കാരണം അവർക്കുള്ളിലുള്ള കടുത്ത ജാതീയതയാണെന്ന് വിമർശനങ്ങളുയർന്നിട്ടുണ്ട്. ഇതിനെ രാമനെ ഉപയോഗിച്ച് ന്യായീകരിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

ദളിതരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നതോടെ അവർക്ക് ശുദ്ധി കൈവരാൻ താൻ രാമനല്ലെന്നും ദളിതരെ ശുദ്ധീകരിക്കാൻ സ്വന്തം വീട്ടിൽ ഭക്ഷണമുണ്ടാക്കി നൽകുമെന്നും ഉമാഭാരതി പറഞ്ഞു.

ഉത്തർപ്രദേശ് സംസ്ഥാന മന്ത്രിസഭാംഗമായ സുരേഷ് റാണ ദളിത് വീട്ടിൽ പോയി ഭക്ഷണം കഴിച്ചിരുന്നു. അലിഗഢ് ജില്ലയിലെ ലഹ്ഗഢിൽ താമസിക്കുന്ന രജനീഷ് റാണ എന്നയാളുടെ വീട്ടില്‍ നിന്നാണ് റാണ ഭക്ഷണം കഴിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ പ്രസ്താവന വന്നത്. അതെസമയം, താൻ ദളിത് വീടുകളിൽ പോയി ഫോട്ടോഷൂട്ട് നടത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം സുരേഷ് റാണ നിഷേധിച്ചു.

ദളിതരോട് കൂടുതൽ അടുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട് ബിജെപി. ഇതിന്റെ ഭാഗമായിരുന്നു റാണയുടെ സന്ദർശനം.