X

മറ്റുള്ളവര്‍ക്ക് കിട്ടുന്ന ഭക്ഷണം മാത്രമേ നിങ്ങള്‍ക്കും ജയിലില്‍ കിട്ടൂ – ചിദംബരത്തോട് ഡല്‍ഹി ഹൈക്കോടതി

വീട്ടിലുണ്ടാക്കിയ ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടപ്പോളാണ് കോടതി ഇങ്ങനെ പറഞ്ഞത്.

തിഹാര്‍ സെന്‍ട്രല്‍ ജയിലില്‍ മറ്റ് തടവുകാര്‍ക്ക് കിട്ടുന്ന ഭക്ഷണം മാത്രമേ താങ്കള്‍ക്കും ലഭിക്കൂ എന്ന്, ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ വിചാരണ നേരിടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തോട് ഡല്‍ഹി ഹൈക്കോടതി. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്ത് ഇക്കാര്യം പറഞ്ഞത്. വീട്ടിലുണ്ടാക്കിയ ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടപ്പോളാണ് കോടതി ഇങ്ങനെ പറഞ്ഞത്.

അതേസമയം ചിദംബരത്തിന് 74 വയസുണ്ട് എന്ന് കപില്‍ സിബല്‍ പറഞ്ഞപ്പോള്‍ അതിനേക്കാള്‍ പ്രായമുള്ള ഓംപ്രകാശ് ചൗത്താലയും ജയിലിലുണ്ട് എന്നും രാഷ്ട്രീയത്തടവുകാരനാണ് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. സര്‍ക്കാരിന് ആരേയും വേര്‍തിരിച്ച് നിര്‍ത്താനാവില്ല എന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ചിദംബരത്തിന്റെ ഹര്‍ജിയില്‍ സിബിഐയോട് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 23ലേയ്ക്ക് മാറ്റി.

This post was last modified on September 12, 2019 8:37 pm