X

‘മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍’ ‘ഷൂട്ട്’ ചെയ്ത് ഇന്ത്യ ടുഡേയുടെ രാഹുല്‍ കന്‍വാല്‍: രൂക്ഷ വിമര്‍ശനവുമായി ബിബിസി റിപ്പോര്‍ട്ടര്‍

സംഘര്‍ഷ മേഖലയില്‍ ജീവന്‍ പണയം വച്ച് റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകരേയും സുരക്ഷാസൈനികരേയും പരിഹസിക്കുകയാണ് കന്‍വാലെന്ന് സല്‍മാന്‍ രവി കുറ്റപ്പെടുത്തി.

ഛത്തീസ്ഗഡിലെ ബസ്തറില്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ ഗ്രൗണ്ടില്‍ സുരക്ഷാസേനയോടൊപ്പം നിന്ന് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന വ്യാജേന ഇന്ത്യ ടുഡേയുടെ രാഹുല്‍ കന്‍വാല്‍ നടത്തിയ റിപ്പോര്‍ട്ടിംഗ് വിവാദമായി. മാധ്യമരംഗത്ത് നിന്ന് തന്നെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരിക്കുന്നു. ‘ജബ് വി മെറ്റ്’ എന്ന തന്റെ പരിപാടിയിലാണ് ഈ സ്‌റ്റോറി കാണിച്ചത്. ചാനലിന്റെ ടിആര്‍പി റേറ്റിംഗിന് വേണ്ടി രാഹുല്‍ നടത്തിയ ഈ നാടകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സ്‌ക്രോള്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്തുകൊണ്ട് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞത് ഇത് അവതാരകനായ രാഹുല്‍ കന്‍വാലിന്റേയും ഇന്ത്യ ടുഡേ ചാനലിന്റേയും നിലവാരം വ്യക്തമാക്കുന്നു എന്നാണ്.

മാവോയിസ്റ്റ് സംബന്ധമായ വാര്‍ത്തകള്‍ 30 വര്‍ഷത്തോളം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബിബിസിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സല്‍മാന്‍ രവിയും കന്‍വാലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ബിബിസി ഹിന്ദി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയ സല്‍മാന്‍ രവിയും നിയമസഭ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി ഛത്തീസ്ഗഡിലുണ്ട്. രാഹുല്‍ കന്‍വാലിന്റെ അസംബന്ധ റിപ്പോര്‍ട്ടിംഗ് ഛത്തീസഗഡില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ് എന്ന് സല്‍മാന്‍ രവി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഘര്‍ഷ മേഖലയില്‍ ജീവന്‍ പണയം വച്ച് റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകരേയും സുരക്ഷാസൈനികരേയും പരിഹസിക്കുകയാണ് കന്‍വാലെന്ന് സല്‍മാന്‍ രവി കുറ്റപ്പെടുത്തി. ഇത്രയും കാലത്തെ റിപ്പോര്‍ട്ടിംഗ് ജീവിതത്തിനിടയില്‍ സൈനികരും മാവോയിസ്റ്റുകളുമെല്ലാം തന്നെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ഞാനതൊന്നും വാര്‍ത്തയാക്കിയില്ല. ഇത് ഈ പ്രൊഫഷന്റെ ഭാഗമാണെന്ന് എനിക്കറിയാം -സല്‍മാന്‍ രവി പറയുന്നു.


സല്‍മാന്‍ രവി ബസ്തറില്‍

ഇത്തവണ എത്തിയപ്പോളും കുറച്ചുപേര്‍ എനിക്ക് പിന്നാലെ വന്നിരുന്നു. എന്റെ കാറിന്റെ മുന്നിലെ ചില്ല് തകര്‍ത്തു. ബൈക്കില്‍ വന്ന ഒരു സംഘം ആളുകള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യുകയും ഞങ്ങളുടെ ഫോട്ടോ എടുത്ത ശേഷം പാഞ്ഞുപോവുകയും ചെയ്തു. ഇന്ത്യ ടുഡേയുടെ പരിപാടി വന്നതിന് ശേഷം മാവോയിസ്റ്റുകള്‍ കൂടുതല്‍ സജീവമായെന്ന് സല്‍മാന്‍ രവി പറയുന്നു. ബീജാപ്പൂരില്‍ ഒരിടത്ത് സുരക്ഷാസേന ഒരു ലാന്‍ഡ് മൈന്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുത് എന്ന് കമാന്‍ഡര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് അംഗീകരിച്ചു. എല്ലാവരുടേയും ജീവന്‍ അപകടത്തിലായിരുന്ന ആ സാഹചര്യത്തില്‍ ആരോടും ഒന്നും ചോദിക്കാന്‍ പോയില്ല. ഡല്‍ഹിയില്‍ നിന്ന് കെട്ടിയിറക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി യഥാര്‍ത്ഥ സ്ഥിതിഗതികള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവരുടേയും, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും ജീവന്‍ അപകടത്തിലാക്കുകയാണ്. സുക്മയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ച് പീഡിപ്പിച്ചിരുന്നു. ഉഡ്ത ബസ്തര്‍ എന്ന പേരില്‍ രാഹുല്‍ കന്‍വാല്‍ ഒരു പുസ്തകമെഴുതാനിടയുണ്ടെന്നും സല്‍മാന്‍ രവി പരിഹസിച്ചു.

സല്‍മാന്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

രാഹുല്‍ കന്‍വാളിന്‍റെ ട്വീറ്റ്:

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂന്നാം ചലന നിയമം; ന്യൂട്ടന്‍ വീണ്ടും കാണുമ്പോള്‍

This post was last modified on November 12, 2018 1:12 pm