X

വിവിധ ജാതികളെ പ്രതിനിധീകരിക്കുന്ന 5 ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ജഗന്‍; ചരിത്രത്തിലിതാദ്യം

അഞ്ച് ഉപമുഖ്യമന്ത്രിമാരടക്കം 25 അംഗങ്ങളുള്ളതാണ് ജഗന്റെ കാബിനറ്റ്. മന്ത്രിമാര്‍ ശനിയാഴ്ച ചുമതലയേല്‍ക്കും.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഢി തനിക്കു കീഴില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലിതാദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്.

അഞ്ച് ഉപമുഖ്യമന്ത്രിമാരടക്കം 25 അംഗങ്ങളുള്ളതാണ് ജഗന്റെ കാബിനറ്റ്. മന്ത്രിമാര്‍ ശനിയാഴ്ച ചുമതലയേല്‍ക്കും.

സംസ്ഥാനത്തെ ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാണ് ജഗന്‍ ഈ നീക്കം നടത്തിയിരിക്കുന്നത്. കാപു ജാതിവിഭാഗത്തെ പ്രതിനിധീകരിക്കുന്നതാണ് ഉപമുഖ്യമന്ത്രിമാരിലൊരാള്‍. പട്ടികജാതി, പട്ടിഗവര്‍ഗ, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുനവരാണ് മറ്റുള്ളവര്‍. ഇക്കൂട്ടത്തില്‍ റെഡ്ഢി സമുദായത്തെ പ്രതിനിധീകരിക്കുന്നയാളില്ലെന്നത് ശ്രദ്ധേയമാണ്. ജഗന്മോഹന്‍ ഈ ജാതിയില്‍ പെട്ടയാളാണ്.

കാബിനറ്റിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി മാറ്റങ്ങള്‍ പിന്നീട് വരുമെന്ന് ജഗന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ കാപു, പിന്നാക്ക വിഭാഗങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്.

175 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ മുഖ്യമന്ത്രിക്കസേരയിലേക്കെത്തിയത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കുകയെന്നതാണ് ജഗന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. 152 സീറ്റ് നേടി അധികാരത്തിലെത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ്, സംസ്ഥാനത്ത് ആകെയുള്ള 25 ലോക്‌സഭ സീറ്റുകളില്‍ 22ഉം നേടിയിരുന്നു. വന്‍ തോതില്‍ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളുമായി പ്രചാരണ സമയത്ത് ജഗന്‍ നല്‍കിയിരുന്നത്. പ്രായമായവര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അടക്കമുള്ളവയില്‍ അധികാരമേറ്റയുടന്‍ തീരുമാനമെടുത്തിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി.

This post was last modified on June 7, 2019 1:56 pm