X

ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ടപകടം; 7 മരണം, 29 പേർക്കുള്ള തിരച്ചിൽ തുടരുന്നു

സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു.

ആന്ധ്രപ്രദേശിലെ ദേവിപട്ടണത്ത് ഗോദാവരി നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ കാണാതായ 29 പേർക്കുള്ള തിരച്ചിൽ തുടരുകയാണ്. ജീവനക്കാരുൾപ്പെടെ അറുപതിലധികം പേരുമായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. വിനോദ സഞ്ചാരികളാണ് അപടകടത്തിൽ പെട്ടതെന്നാണ് വിവരം.

ഗോദാവരി നദിക്ക് തീരത്തുള്ള പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ രാജമുണ്ഡരിയിലേക്ക് പോയവരാണ് അപകടത്തിൽ പെട്ടതാണെന്നാണ് വിവരം. റോയൽ വശിഷ്ഠയിൽ നിന്നാണ് കൂടുതൽ പേരും ബോട്ടിൽ കയറിയതെന്നും പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രക്ഷാ പ്രവർത്തിനായി ഇതിനോടകം 30 അംഗ ദുരന്തനിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നതെന്ന് ഈസ്റ്റ് ഗോദാവരി ജില്ലാ അധികൃതർ അറിയിച്ചു. അപകടത്തില്‍ പെട്ടവരെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ആന്ധ്ര ടൂറിസം വകുപ്പിന്റെ രണ്ട് ബോട്ടുകൾ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളപ്പൊക്കത്തെ തുടർന്ന് നിറഞ്ഞ് കവിഞ്ഞ നിലയിലായിരുന്നു നദി.

സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മന്ത്രിമാർക്കും എം‌എൽ‌എമാർക്കും അദ്ദേഹം നിർദ്ദേശം നൽകി.

അതേസമയം, മുങ്ങിയ ബോട്ടിന് ടൂറിസം വകുപ്പിന്റെ ലൈസൻസ് ഇല്ലെന്നും ടൂറിസം മന്ത്രി മുത്താംസെറ്റി ശ്രീനിവാസ റാവു പറഞ്ഞു. എന്നാൽ ഇതിന് കാക്കിനട തുറമുഖ അധികൃതരുടെ അനുമതി ഉണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു.

This post was last modified on September 15, 2019 6:27 pm