X

ആന്ധ്ര പ്രദേശ് മുൻ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു

ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ പീഡനങ്ങളെ തുടർന്നാണ് റാവു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ

ആന്ധ്ര പ്രദേശ് മുൻ സ്പീക്കറും തെലുഗുദേശം പാർട്ടി നേതാവുമായ കൊടേല ശിവപ്രസാദ് റാവു (72) ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയിൽ കയറിയ അദ്ദേഹത്തെ പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്നും പുറത്തു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്.

എൻ.ടി രാമറാവു തെലുഗുദേശം പാർട്ടി സ്ഥാപിതമായ 1983 മുതൽ നേതാവായിരുന്നു കൊടേല ശിവപ്രസാദ് റാവു. നരസരാപേട്ട് ,സെത്തനപല്ലെ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം ആന്ധ്രപ്രദേശിന്റെ ആഭ്യന്തര മന്ത്രിയായും പഞ്ചായത്തി രാജിന്റെ ചുമതലയുള്ള മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്.2014-19 കാലത്തായിരുന്നു ശിവപ്രസാദ് റാവു സ്പീക്കർ ചുമതല വഹിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

അതേസമയം, ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ പീഡനങ്ങളെ തുടർന്നാണ് റാവു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. അധികാരമേറ്റതിന് പിന്നാലെ ജഗൻ സർക്കാർ ശിവപ്രസാദ് റാവുവിന്റെ കുടുംബാംഗങ്ങൾക്കെതിരെ കേസുകൾ എടുത്തിരുന്നു. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്ര പ്രദേശ് നിയമ സഭയിൽ നിന്നും ഫര്‍ണീച്ചറുകൾ കടത്തിയെന്ന് ഉൾപ്പെടെയുള്ള കേസുകളായിരുന്നു കൊടേല ശിവപ്രസാദ് റാവുവിനെതിരെ ചുമത്തിയിരുന്നത്.