X

കർണാടക ഓഡിയോ ക്ലിപ്പ്: തിങ്കളാഴ്ച അന്വേഷണം നടത്തുമെന്ന് സ്പീക്കർ; സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്സ്

കർണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ സിബിഐ അന്വേഷണത്തിനു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കളായ കെസി വേണുഗോപാലും രൺദീപ് സുർജേവാലയും രംഗത്ത്. അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പിന്തുണ നൽകുകയാണെന്നും ഇരുവരും ആരോപിച്ചു. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രണ്ട് ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടത്. ജെഡിഎസ് എംഎൽഎ നാഗൻ ഗൗഡയെ വിലയ്ക്കെടുക്കാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് ബിഎസ് യെദ്യൂരപ്പ ശ്രമിക്കുന്നതായിരുന്നു ഈ ഓഡിയോ ക്ലിപ്പുകളിലെ ഉള്ളടക്കം.

കോൺഗ്രസ്സ്-ജെഡിഎസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ‘ഓപ്പറേഷൻ ലോട്ടസ്’ നടപ്പാക്കുകയാണെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പല തവണയായി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റ് സെഷനിൽ നിന്ന് ഏഴ് കോൺഗ്രസ്സ് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും മാറി നിന്നത് ആശങ്കകൾക്ക് കാരണമായിരുന്നു. ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ്സും ശ്രമങ്ങൾ നടത്തുന്നുണ്ട്. മൂന്നോളം ബിജെപി എംഎൽഎമാരെ തങ്ങളുടെ ഭാഗത്തെത്തിക്കാൻ കോൺഗ്രസ്സ് ശ്രമം നടത്തുന്നതായും വിവരമുണ്ട്.

കഴിഞ്ഞദിവസം ബജറ്റവതരണത്തിന് തൊട്ടു മുമ്പാണ് കുമാരസ്വാമി തിരക്കിട്ട് പത്രസമ്മേളനം വിളിച്ചത്. ഗൗഡയുടെ മകനെ യെദ്യൂരപ്പ വിളിച്ചുവെന്നും അതിന്റെ ഓഡിയോ ക്ലിപ്പ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ ക്ലിപ്പ് അദ്ദേഹം കൈമാറുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും പിന്തുണയോടെയാണ് കുതിരക്കച്ചവട നീക്കങ്ങൾ നടക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

അതെസമയം പുറത്തു വന്നിട്ടുള്ള ഓഡിയോ ക്ലിപ്പ് വ്യാജമാണെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. ക്ലിപ്പ് പുറത്തുവന്നതോടെ കോൺഗ്രസ്സ് ദേശീയ നേതൃത്വം വിഷയം ഏറ്റെടുത്തു. രൺദീപ് സുർജെവാലയും കെസി വേണുഗോപാലും മാധ്യമങ്ങളെ കണ്ടു. ബിജെപിയുടെ ‘മൂന്നംഗ ഗാങ്’ കർണാടക സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുകയാണെന്ന് സുർജെവാല ആരോപിച്ചു. മോദി, ഷാ, യെദ്യൂരപ്പ എന്നിവരെയാണ് സുർജെവാല മൂന്നംഗ ഗാങ് എന്ന പ്രയോഗം കൊണ്ടുദ്ദേശിച്ചത്.

കർണാടക സർക്കാർ ഈ വിഷയത്തിൽ ഒരു കേസ് ഫയല്ഡ ചെയ്തിട്ടുണ്ടെന്ന് സുർജെവാല വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. എന്നാൽ ഈ കേസ് ആർക്കെതിരെ, ഏത് കോടതിയിൽ തുടങ്ങിയ വിവരങ്ങൾ അദ്ദേഹം പങ്കുവെക്കുകയുണ്ടായില്ല. ഇപ്പോൾ പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത് ബിജെപിക്ക് സുപ്രീംകോടതിയിൽ വരെ പിടിപാടുണ്ടെന്നാണെന്നും കേസ് അട്ടിമറിക്കാൻ അവർക്ക് സാധിച്ചേക്കുമെന്നുമുള്ള ഗൗരവമേറിയ പ്രസ്താവനയും അദ്ദേഹം നടത്തി.

ഓഡിയോ ക്ലിപ്പുകളിന്മേർ അന്വേഷണം നടത്തുമെന്ന് കർണാടക സ്പീക്കർ ഇതിനിടെ പ്രസ്താവിക്കുകയുണ്ടായി. തിങ്കളാഴ്ച തന്നെ അന്വേഷണം നടക്കുമെന്ന് സ്പീക്കർ കെആർ രമേഷ് കുമാർ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരുടെയും മോദിയുടെയും ഷായുടെയും പേരുകൾ പറഞ്ഞു കൊണ്ടാണ് ഓഡിയോ ക്ലിപ്പിലെ ശബ്ദം ഉറപ്പുകൾ കൊടുക്കുന്നതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ആരുടെ ശബ്ദമാണതെന്ന് തനിക്കറിയില്ല. താൻ സ്വമേധയാ ഏറ്റെടുത്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.