അഫ്ഗാനിസ്ഥാനിൽ പോയി ഇസ്ലാമിക്സ് സ്റ്റേറ്റ് സംഘടനയിൽ അംഗമാകുകയും പിന്നീട് അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിടുകയും ചെയ്ത വയനായ് സ്വദേശി നാഷിദുൽ ഹംസഫറിൽ (26) നിന്നും ഐസിസിന്റെ പ്രവർത്തന രീതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷകർക്ക് ലഭിച്ചു. ദി ഹിന്ദുവിൽ വന്ന റിപ്പോർട്ടാണ് നാഷിദുദുലിന്റെ ഐസിസ് യാത്രയെക്കുറിച്ച് പറയുന്നത്. കൽപറ്റ മുണ്ടേരി സ്വദേശിയായ നാഷിദുൽ ബെംഗളൂരുവിൽ നിന്ന് ഇറാനിലൂടെയാണ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഐസിസിൽ ചേരാൻ കൂടെ യാത്ര ചെയ്തവർ കൊല്ലപ്പെട്ടിട്ടും നാഷിദുൽ പിൻവാങ്ങിയിരുന്നില്ല.
2013ൽ അൻവർ അവ്‌ലാകി എന്ന ഭീകരവാദ പ്രചാരകന്റെ പ്രഭാഷണം കേട്ട് പ്രചോദിതനായാണ് നാഷിദുൽ ഐസിസിൽ ചേരാൻ തയ്യാറെടുത്തത്. തന്റെ സുഹൃത്തിൽ നിന്നാണ് നാഷിദുലിന് ഈ പ്രഭാഷണത്തിന്റെ വീഡിയോ കിട്ടിയത്.
അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖോർസാൻ പ്രോവിൻസ് (ഐഎസ്‌കെപി) എന്ന സംഘടനയിലാണ് ഇയാൾ ചേർന്നത്. സുഹൃത്തായ ഷിഹാസിന്റെ സഹായത്തോടെയായിരുന്നു ഇതെല്ലാം. പിന്നീടിയാൾ പിടിയിലാവുകയും അഫ്ഗാനിസ്ഥാൻ കയറ്റി അയയ്ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ കയറ്റിഅയയ്ക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ് നാഷിദുൽ.
കേരളത്തിൽ നിന്നും ഐസിസിൽ ചേരാൻ പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുപത്തൊന്നംഗ സംഘത്തിൽ പെട്ടയാളാണ് നാഷിദുൽ. ഷിഹാസും ഈ 21 അംഗ സംഘത്തിലുള്ളയാളാണ്. 2016ൽ ഇവർ ഐസിസ് നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലെത്തി. തെഹ്രിക് ഇ താലിബാനിൽ നിന്നും പിരിഞ്ഞവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖോർസാൻ പ്രോവിൻസിലുള്ളത്. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണിതെന്നാണ് അനുമാനിക്കപ്പെടുന്നത്.
ഇറാനിലും അഫ്ഗാനിസ്ഥാനിലും അതിശക്തമായ ശൃംഖലയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖോർസാൻ പ്രോവിൻസിനുള്ളത്. ഇവർ വളരെയെളുപ്പത്തിൽ നാഷിദുലിനെ സ്ഥലത്തെത്തിച്ചു. ഷിഹാസ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖോർസാൻ പ്രോവിൻസിന്റെ മീഡിയ ടീമിലാണ് പ്രവർത്തിച്ചിരുന്നത്.
പിടിയിലായ ശേഷം അഫ്ഗാൻ ഇന്റലിജൻസ് ജയിലിൽ മൂന്നു മാസത്തോളം കഴിഞ്ഞു. പിന്നീട് ബഗ്രാം ജയിലിലേക്ക് മാറ്റി. അമേരിക്ക പ്രവർത്തിപ്പിക്കുന്ന ജയിലാണിത്. മൂന്നു മാസം ഇവിടെ കഴിഞ്ഞതിനു ശേഷമാണ് ഇന്ത്യയിലേക്ക് വിട്ടത്.
ന്യൂസീലാൻഡിലേക്ക് തൊഴിലെടുക്കാൻ പോകാന്‍ പദ്ധതിയുണ്ടായിരുന്നയാളാണ് നാഷിദുൽ. ഇയാൾക്ക് ഐസിസ് പ്രചാരകരുടെ പ്രഭാഷണങ്ങൾ കിട്ടിത്തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വീട്ടുകാരോട് ടെലിവിഷൻ കാണരുതെന്നും അത് ഇസ്ലാമിക വിരുദ്ധമാണെന്നും പറയാൻ തുടങ്ങി. വയനാട്ടിൽ ഒരു ഓട്ടോമൊബൈൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്നയാളാണ് നാഷിദുലിന്റെ പിതാവ്. ഇദ്ദേഹവുമായി നാഷിദുൽ പലവട്ടം വാക്കു തർക്കങ്ങളിലേർപ്പെട്ടു. ഐസിസുമായുള്ള നാഷിദുലിന്റെ ബന്ധത്തെ പിതാവും കുടുംബവും ശക്തമായി എതിർത്തു.
ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠനം പാതിവഴിക്ക് നിർത്തിയയാളാണ് നാഷിദുൽ. ബെംഗളൂരുവിലെ ദയാനന്തസാഗർ കോളജിലായിരുന്നു പഠനം. ഷിഹാസിനെ ആദ്യമായി കാണുമ്പോൾ അയാൾക്ക് മതവിശ്വാസം കാര്യമായി ഉണ്ടായിരുന്നില്ലെന്ന് നാഷിദുൽ പറയുന്നു. കഞ്ചാവും മദ്യവുമായിരുന്നു അയാളുടെ ഇന്നത്തെ പ്രധാന മതം. 2012ൽ കേരളത്തിൽ നിന്ന് ഒരു തബ്‌ലീഗി (സിമി) പ്രവർത്തകൻ ബെംഗളൂരുവിലെത്തുകയും ഇവരുടെ താമസസ്ഥലത്ത് തങ്ങുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇരുവർക്കും മാറ്റങ്ങൾ വന്നുതുടങ്ങിയത്.
This post was last modified on November 12, 2018 12:10 pm
Leave a Comment