X

ഛത്തീസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇന്ന് പോളിംഗ് മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍

മാവോയിസ്റ്റ് സ്വാധീനം ശക്തമായ എട്ട് ജില്ലകളിലെ 18 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഛത്തീസ്ഗഡില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് പുരോഗമിക്കുന്നു. മാവോയിസ്റ്റ് സ്വാധീനം ശക്തമായ എട്ട് ജില്ലകളിലെ 18 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി, മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ സഹോദരപുത്രിയും മുന്‍ എംപിയുമായ കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്‌നന്ദഗാവില്‍ ഇന്നാണ് വോട്ടെടുപ്പ്.

മാവോയിസ്റ്റുകള്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുകയും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ബി എസ് എഫ് ജവാനും ഒരു ദൂരദര്‍ശന്‍ കാമറാമാനും അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ആറോളം ആക്രമണങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തിയത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും പൊലീസിനേയും അര്‍ദ്ധസൈനിക വിഭാഗങ്ങളേയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകള്‍ സജ്ജമാണ്.

നവംബര്‍ 20ന് ബാക്കിയുള്ള 72 സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11നാണ് ഫലം പുറത്തുവരുക. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന് വേണ്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് പ്രചാരണം നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിട്ട നേതാവുമായ അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് പാര്‍ട്ടിയും കരുത്ത് തെളിയിക്കാന്‍ രംഗത്തുണ്ട്. ബി എസ് പിയുമായി സഖ്യത്തിലാണ് അജിത് ജോഗിയുടെ പാര്‍ട്ടി ജനവിധി തേടുന്നത്. സമ്മിശ്ര ഫലങ്ങളാണ് വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലെന്നും ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്നും ചില സര്‍വേകള്‍ പറയുമ്പോള്‍, 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും ചില സര്‍വേകള്‍ പറയുന്നുണ്ട്.

This post was last modified on November 12, 2018 9:55 am

Related Post
Leave a Comment