X

“കുൽഭൂഷൺ ജാദവ് കടുത്ത സമ്മർദ്ദത്തിൽ”: നയതന്ത്രപ്രതിനിധി ജയിലിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഇന്ത്യ

വിശദമായ റിപ്പോർട്ട് ലഭിച്ചതിനു ശേഷം കൂടുതൽ എന്തെല്ലാം നടപടികളെടുക്കണമെന്ന് തീരുമാനിക്കുമെന്നും രവീഷ് കുമാർ പറഞ്ഞു.

ചാരവേല ചെയ്തെന്നാരോപിച്ച് പാകിസ്താൻ ജയിലിലിട്ടിരിക്കുന്ന മുൻ നേവൽ ഓഫീസർ കുൽഭൂഷൺ ജാദവ് കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യ. കുൽഭൂഷണെ സന്ദർശിക്കാൻ അനുമതി ലഭിച്ച ഇന്ത്യൻ നയതന്ത്രജ്ഞൻ ഗൗരവ് അലുവാലിയയാണ് ഇക്കാര്യം രാജ്യത്തെ ധരിപ്പിച്ചിരിക്കുന്നത്. അന്തർദ്ദേശീയ നീതിന്യായ കോടതിയുടെ വിധി പ്രകാരമാണ് പാകിസ്താന്‍ ഇന്ത്യൻ നയതന്ത്രജ്ഞന് കുൽഭൂഷണെ കാണാൻ അനുമതി നൽകിയത്.

രണ്ട് മണിക്കൂർ നേരമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 49കാരനായ കുൽഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് പാകിസ്താൻ. അതെസമയം അലുവാലിയ നൽകിയ റിപ്പോർട്ട് ഇനിയും പുറത്തു വന്നിട്ടില്ല. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം വന്നിട്ടുണ്ട്. മന്ത്രാലയത്തിന്റെ വക്താവായ രവീഷ് കുമാറാണ് കുൽഭൂഷൺ ഏറെ സമ്മർദ്ദത്തിലാണെന്ന് വെളിപ്പെടുത്തിയത്. പാകിസ്താന്റെ നിലനില്‍പ്പില്ലാത്ത വാദങ്ങളും ആഖ്യാനങ്ങളും അദ്ദേഹത്തെ തളർത്തിയിരിക്കുന്നെന്നും രവീഷ് കുമാർ പറഞ്ഞു.

കുൽഭൂഷൺ പിടിയിലായതിനു ശേഷം പാകിസ്താൻ നാല് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ഇതിൽ താൻ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ ഓഫീസറാണെന്ന് പറയുന്നുണ്ട്. 2022ൽ റിട്ടയർ ചെയ്യുമെന്നും വീഡിയോകളിലൊന്നിൽ കുൽഭൂഷൺ പറയുന്നുണ്ട്. ഈ വീഡിയോ തെളിവായി അന്താരാഷ്ട്ര കോടതിയിൽ അവതരിപ്പിക്കാൻ പാകിസ്താൻ ശ്രമം നടത്തിയെങ്കിലും കോടതി അതിന് അനുവദിക്കുകയുണ്ടായില്ല.

വിയന്ന കൺവെൻഷൻ പ്രകാരമുള്ള നയതന്ത്ര ബാധ്യതകൾ പാകിസ്താൻ ലംഘിച്ചെന്ന് അന്താരാഷ്ട്ര കോടതി കണ്ടെത്തിയപ്പോഴാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് കുൽഭൂഷണെ കാണാൻ അവസരമൊത്തതെന്ന് രവീഷ് കുമാർ പറഞ്ഞു. ഈയാവശ്യം ഇന്ത്യ നേരത്തെ ഉന്നയിച്ചപ്പോഴെല്ലാം പാകിസ്താൻ നിഷേധിക്കുകയായിരുന്നു. ചാരന്മാർക്ക് അത്തരം ആനുകൂല്യങ്ങൾ നൽകാനാകില്ലെന്നാണ് പാകിസ്താൻ വിശദീകരിച്ചത്.

വിശദമായ റിപ്പോർട്ട് ലഭിച്ചതിനു ശേഷം കൂടുതൽ എന്തെല്ലാം നടപടികളെടുക്കണമെന്ന് തീരുമാനിക്കുമെന്നും രവീഷ് കുമാർ പറഞ്ഞു.