X

ഇയർഫോണ്‍ സൃഷ്ടിച്ച അപകടം: ട്രെയിൻ-വാൻ അപകടത്തിൽ മൂന്ന് കുട്ടികളെ നഷ്ടപ്പെട്ട പിതാവ് പറയുന്നു

ഗേറ്റിനു സമീപം റെയിൽവേയുടെ 'ഗേറ്റ് മിത്ര' ഉണ്ടായിരുന്നെന്നും അയാൾ നൽകിയ മുന്നറിയിപ്പ് ഡ്രൈവർ അവഗണിച്ചെന്നുമാണ് റെയിൽവേയുടെ വിശദീകരണം.

ഉത്തര്‍പ്രദേശിലെ കുശിനഗറിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ഇയർഫോൺ വഹിച്ച പങ്കിനെക്കുറിച്ച് അപകടത്തിൽ മൂന്നു കുട്ടികളെ നഷ്ടപ്പെട്ട പിതാവിന്റെ വെളിപ്പെടുത്തൽ. ഗേറ്റിൽ ആളില്ലായിരുന്നു എന്നതിനൊപ്പം വാനിന്റെ ഡ്രൈവർ ഇയർഫോൺ വെച്ച് പാട്ട് കേൾക്കുകയായിരുന്നു എന്നതും അപകടത്തിന് കാരണമായെന്ന് അമർ ജീത്ത് പറയുന്നു. ഇദ്ദേഹത്തിന്റെ പത്തും എട്ടും ഏഴും വയസ്സുള്ള മൂന്ന് കുട്ടികളാണ് അപകടത്തിൽ മരിച്ചത്.

ഇതേ സ്ഥലത്ത് ഇടക്കിടെ അപകടങ്ങളുണ്ടാകാറുണ്ടെന്നും അധികൃതർ ശ്രദ്ധ നൽകാറില്ലെന്നും അമർ ജീത്ത് ചൂണ്ടിക്കാട്ടി.

അപകടത്തിൽ രക്ഷപ്പെട്ട വിദ്യാർത്ഥി സമീർ കുമാറാണ് ഡ്രൈവറുടെ അനാസ്ഥയെക്കുറിച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. ട്രെയിൻ വരുന്നത് തങ്ങൾ കണ്ടുവെന്ന് സമീർ പറയുന്നു. ഡ്രൈവറെ ഉറക്കെ വിളിച്ച് അറിയിച്ചെങ്കിലും അയാളത് കേട്ടില്ല. ചെവിയിൽ ഇയർഫോണായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഡ്രൈവര്‍ നിയാസ് ആശുപത്രിയിലാണിപ്പോൾ.

എട്ടുപേരെ മാത്രം കയറ്റാൻ ശേഷിയുള്ള വാഹനത്തിൽ 25 കുട്ടികളാണുണ്ടായിരുന്നത്. ഇതും അപകടത്തിന്റെ ഭീകരത വർധിപ്പിച്ചു.

കുട്ടികളെ നിയമവിരുദ്ധമായ രീതിയിൽ വാനിൽ കുത്തിനിറച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്നതിന് കൂട്ടുനിന്ന ഡിവൈൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കരിം ജഹാൻ പൊലീസിന് കീഴടങ്ങിയിട്ടുണ്ട്.

അതെസമയം, ഗേറ്റിനു സമീപം റെയിൽവേയുടെ ‘ഗേറ്റ് മിത്ര’ ഉണ്ടായിരുന്നെന്നും അയാൾ നൽകിയ മുന്നറിയിപ്പ് ഡ്രൈവർ അവഗണിച്ചെന്നുമാണ് റെയിൽവേയുടെ വിശദീകരണം. ലെവൽ ക്രോസ്സിങ് സന്നാഹങ്ങൾ ഒരുക്കിയിട്ടില്ലാത്ത ഇടങ്ങളിൽ മുറിച്ചു കടക്കുന്നവർക്ക് നിർദ്ദേശം നൽകാൻ റെയിൽവേ ഒരുക്കിയ സംവിധാനമാണ് ഗേറ്റ് മിത്ര. ഇവർക്ക് വാഹനങ്ങൾ തടയാൻ ഗേറ്റ് സംവിധാനങ്ങൾ നൽകില്ല. മുന്നറിയിപ്പ് നൽകാൻ മാത്രമേ സാധിക്കൂ. മുന്നറിയിപ്പ് അവഗണിക്കുന്നവരെ തടയാൻ സംവിധാനമില്ല.

This post was last modified on April 27, 2018 12:32 pm