X

ഇന്ത്യാക്കാരും പട്ടികയ്ക്ക് പുറത്ത്: പൗരത്വ രജിസ്റ്ററിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അസമിലെ ബിജെപി മന്ത്രി

ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശങ്ങളിൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവും, അതിർത്തിയിൽ നിന്നും അകലെയുള്ള ഭൂമിപുത്ര ജില്ലയിൽ ഏറ്റവും കൂടുതലുമാണുള്ളത്.

ദേശീയ പൗരത്വ രജിസ്റ്റർ വഴി സംസ്ഥാനത്തെ നിയമവിരുദ്ധ താമസക്കാരെ നീക്കം ചെയ്യാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അസമിലെ മുതിർന്ന നേതാവും ബിജെപി മന്ത്രിയുമായ ഹിമന്ത ശര്‍മ. നിലവിലെ രൂപത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ നിരവധി ഇന്ത്യൻ പൗരന്മാരും രാജ്യത്തിനു പുറത്താകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അസമിലെ ദേശീയ പൗരത്വ പട്ടിക പുറത്തുവിട്ടത്. www.nrcassam.nic.in എന്ന വെബ്സൈറ്റില്‍ ഈ പട്ടിക ലഭ്യമാക്കിയിട്ടുമുണ്ട്.

ബംഗ്ലാദേശിന്റെ അതിർത്തി പ്രദേശങ്ങളിൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവും, അതിർത്തിയിൽ നിന്നും അകലെയുള്ള ഭൂമിപുത്ര ജില്ലയിൽ ഏറ്റവും കൂടുതലുമാണുള്ളത്. എങ്ങനെയാണ് ഇത് സംഭവിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. “ദേശീയ പൗരത്വ രജിസ്റ്റർ ഈ രൂപത്തിൽ നടപ്പാക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നില്ല,” അദ്ദേഹം പറഞ്ഞു.

അസമിലെ ‘നിയമവിരുദ്ധ താമസക്കാരെ’ കണ്ടെത്തുന്നതിനെന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് അഥവാ എൻആർസി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 3,11,21,004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. 19,06,657 പേർ രജിസ്റ്ററിൽ നിന്നും പുറത്തുപോയി.

41 ലക്ഷത്തോളം പൗരന്മാരുടെ ഭാവിജീവിതത്തെ അനിശ്ചിതത്വത്തിലേക്ക് വീഴ്ത്തിയാണ് എൻആർസി പ്രസിദ്ധീകരണം നടന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു പിന്നാലെയാണ് ഈ നടപടി വരുന്നതെന്നതും ശ്രദ്ധേയമാണ്.

എൻആർസി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അസമില്‍ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ പട്ടിക ഓൺലൈനായി ലഭ്യമാക്കുമെന്ന് അധികൃതർ പറയുന്നുണ്ട്. സംസ്ഥാന സർക്കാർ സജ്ജീകരിച്ചിട്ടുള്ള സേവ കേന്ദ്രങ്ങളിൽ പോയി പട്ടികയിൽ തങ്ങൾ ഏതു തരത്തിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പൗരന്മാർക്ക് പരിശോധിക്കാവുന്നതാണ്.

This post was last modified on August 31, 2019 1:05 pm