X

അഖ്‌ലാഖ് കൊലക്കേസ് പ്രതികളെ മുൻനിരയിലിരുത്തി ദാദ്രി വിഷയമുയർത്തി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം

യോഗി ഈ പ്രസംഗം നടത്തുമ്പോൾ അഖ്‌ലാഖ് കൊലക്കേസ് പ്രതികൾ സദസ്സിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.

മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിൽ കുറ്റാരോപിതരായവരെ മുൻനിരയിലിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു റാലി അഭിസംബോധന. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് കൊല ചെയ്യപ്പെട്ട അഖ്‌ലാക്കിന്റെ കൊലയാളികളിൽ ഭൂരിഭാഗം പേരും റാലിയിൽ മുൻനിരയിൽ പങ്കെടുത്തു. ഈ സംഭവത്തെ ഓർത്തെടുത്തു കൊണ്ടാണ് ആദിത്യനാഥ് തന്റെ പ്രസംഗം നടത്തിയത്. ബിസാരയിൽ സംഭവിച്ചതെന്തെന്ന് ഓർക്കാത്തവർ ആരുമുണ്ടാകില്ലെന്നും അവിടെ സമാജ്‌വാദി പാർട്ടി സർക്കാർ തങ്ങളുടെ വികാരങ്ങളെ തടയാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഗൗതം ബുദ്ധ നഗറിൽ സ്ഥാനാർത്ഥിയാക്കിയ മഹേഷ് ശർമയ്ക്കു വേണ്ടി റാലിയെ അഭിസംബോധന ചെയ്യാനാണ് യോഗി ആദിത്യനാഥ് എത്തിയത്.

പടിഞ്ഞാറൻ യുപിയിൽ കാളവണ്ടികളോടിക്കാൻ പോലും സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കാളവണ്ടി നിർത്തി ഒരു ചായ കുടിക്കാൻ ഇറങ്ങിയാൽ കാളകളെ കാണാതാകുമായിരുന്നു. തങ്ങൾ അധികാരത്തിലെത്തിയപ്പോൾ അനധികൃത അറവുശാലകൾ ഇല്ലാതായെന്നും ഈ പ്രശ്നം അവസാനിച്ചെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

യോഗി ഈ പ്രസംഗം നടത്തുമ്പോൾ അഖ്‌ലാഖ് കൊലക്കേസ് പ്രതികൾ സദസ്സിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. ആകെ 19 കുറ്റവാളികളുണ്ടായിരുന്നതില്‍ 16 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കേസിലെ പ്രധാന കുറ്റവാളിയും സ്ഥലത്തെ ബിജെപി പ്രവർത്തകനായ സഞ്ജയ് റാണയുടെ മകനുമായ വിശാൽ സിങ് റാണയും മുൻനിരയിലുണ്ടായിരുന്നു. ഐപിസി 302 (കൊലപാതകം) പ്രകാരം ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കേസ് ഇപ്പോൾ അതിവേഗ കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ വാദംകേൾക്കൽ ഏപ്രിൽ പത്തിന് നടക്കേണ്ടതുണ്ട്. അഖ്‌ലാക്കിന്റെ മകളുടെ മൊഴിയനുസരിച്ച് അറസ്റ്റിലായ പുനീതും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Related Post
Leave a Comment