X

മാലെഗാവ് സ്ഫോടനം: കോടതിയിൽ ഹാജരാകുന്നതിൽ ഇളവ് ചോദിച്ച പ്രഗ്യാ സിങ്ങിന് തിരിച്ചടി

പാർലമെന്റിൽ തനിക്ക് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനായി ഒഴിവ് നൽകണമെന്നുമാണ് പ്രഗ്യ ആവശ്യപ്പെട്ടത്.

മാലെഗാവ് സ്ഫോടനക്കേസില്‍ കോടതിയിൽ ഹാജരാക്കുന്നതിൽ നിന്ന് ജൂൺ മൂന്നിനും എഴിനുമിടയിൽ തനിക്ക് ഒഴിവു നൽകണമെന്ന ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യാ സിങ് താക്കൂറിന്റെ അപേക്ഷ കോടചതി തള്ളി. 2008ലെ സ്ഫോടനക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക ദേശീയാന്വേഷണ ഏജൻസി കോടതിയാണ് പ്രഗ്യയുടെ ആവശ്യം തള്ളിയത്. പാർലമെന്റിൽ തനിക്ക് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനായി ഒഴിവ് നൽകണമെന്നുമാണ് പ്രഗ്യ ആവശ്യപ്പെട്ടത്.

മാലെഗാവ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളാണ് പ്രഗ്യാ സിങ് താക്കൂർ. ഇവരെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭോപ്പാല്‍ മണ്ഡലത്തിൽ നിർത്തി വിജയിപ്പിച്ചിരുന്നു ബിജെപി. കോൺഗ്രസ്സിന്റെ ദിഗ്‌വിജയ് സിങ്ങായിരുന്നു എതിർ സ്ഥാനാർത്ഥി.

മഹാരാഷ്ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊദാസയിലും 2008 സെപ്തംബര്‍ 29ന് ഇരട്ട സ്‌ഫോടനം നടന്നു. സ്ഥലത്ത് നിറുത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് ഇരുസ്ഥലത്തും പൊട്ടിത്തെറിച്ചത്. രണ്ട് സംഭവങ്ങളിലുമായി എട്ടുപേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിലാണ് പ്രഗ്യ സിംഗ് ടാക്കൂറിനെയും കരസേന ഉദ്യോഗസ്ഥനായ ലഫ്റ്റന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതനെയും മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച എന്‍ഐഎ പ്രഗ്യ സിംഗ് ടാക്കൂറിനെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കുകയായിരുന്നു. കേസില്‍ വിചാരണ കേള്‍ക്കുന്ന പ്രത്യേക കോടതി ഇതില്‍ തീരുമാനം എടുത്തിട്ടില്ല. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മൊദാസ സ്‌ഫോടന കേസ് എന്‍ഐഎ അവസാനിപ്പിച്ചു. 2008 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെയും, ശ്രീകാന്ത് പുരോഹിതിനെയും അറസ്റ്റ് ചെയ്തത്.