X

‘എന്റെ പോരാട്ടം ജാതിയോടായിരുന്നു; സംവരണത്തോടായിരുന്നില്ല’: ജാതിയില്ലെന്ന് സർട്ടിഫിക്കറ്റ് നേടിയ സ്നേഹ പറയുന്നു

ജാതിയില്ലെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെങ്കിലും താൻ ജാതി സംവരണത്തിന് എതിരല്ലെന്ന് സ്നേഹ പറയുന്നു.

തമിഴ്നാട് വെല്ലൂർ ജില്ലയിൽ തിരുപ്പട്ടൂർ താലൂക്കിൽ താമസിക്കും എംഎ സ്നേഹ എന്നവർക്ക് ജാതിയോ മതമോ ഇല്ലെന്ന സർട്ടിഫിക്കറ്റ് തിരുപ്പട്ടൂർ തഹസിൽദാർ ടിഎസ് സത്യമൂർത്തി മുഖാന്തരം ഉത്തരവായത് ഫെബ്രുവരി അഞ്ചാം തിയ്യതിയാണ്. ചെറുപ്പകാലം മുതൽക്കേ ജാതി, മത കോളങ്ങൾ സ്നേഹ പൂരിപ്പിക്കാറില്ല. സ്നേഹയുടെ അച്ഛൻ എടുത്ത നിലപാടായിരുന്നു അത്. പിതാവിന്റെ നിലപാടുകൾ തന്നെയാണ് സ്നേഹയെയും നയിച്ചത്. ഒരു അഡ്വക്കറ്റായ സ്നേഹ പക്ഷെ തനിക്ക് ജാതിയോ മതമോ ഇല്ലെന്ന തെരഞ്ഞെടുപ്പിന് നിയമപരമായ സാധുത ആവശ്യമാണെന്ന് കരുതി. അതിനായി പോരാട്ടം നടത്തി. ദീർഘകാലമായി സ്നേഹ തുടരുന്ന ഈ നിയമപോരാട്ടത്തിന് ശുഭാന്ത്യമായിരിക്കുകയാണ്.

തിരുപ്പട്ടൂർ തഹസിൽദാരിൽ നിന്ന്, തനിക്ക് ജാതിയും മതവുമില്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞുപോയെന്ന് 35കാരിയായ സ്നേഹ പറയുന്നു. വർഷങ്ങളായി ഈ സർട്ടിഫിക്കറ്റ് ലഭിക്കാനായി പ്രയത്നിക്കുകയാണ് താനെന്ന് അവർ പറയുന്നു.

വക്കീലായി ജോലി നോക്കുന്ന എംഎ സ്നേഹയുടെ ഭർത്താവ് പാർത്ഥിപ രാജ് തമിഴ് പ്രൊഫസറാണ്. സ്നേഹയ്ക്കും പാർത്ഥിപനും ഈ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം നിരവധി കോളുകൾ വരുന്നുണ്ട്. അഭിനന്ദനം അറിയിക്കാനാണ് പലരും വിളിക്കുന്നത്. മറ്റു ചിലരാകട്ടെ, എങ്ങനെയാണ് ഒരു ജാതിയില്ലാ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയെന്നാണ് അന്വേഷിക്കുന്നത്.

ജാതിയില്ലെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെങ്കിലും താൻ ജാതി സംവരണത്തിന് എതിരല്ലെന്ന് സ്നേഹ പറയുന്നു. ജാതിസംവരണം സാമൂഹ്യനീതിക്കു വേണ്ടിയുള്ളതാണ്. അടിച്ചമർത്തപ്പെട്ടവരുടെ വളർച്ചയ്ക്ക് സംവരണം അത്യാവശ്യമാണെന്നും സ്നേഹ ചൂണ്ടിക്കാട്ടുന്നു. ആരുടെയും അവകാശങ്ങളെ ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയുള്ള സമരങ്ങൾ തുടരുക തന്നെ വേണം. കൂടെ തന്റെ സ്വകാര്യ തെരഞ്ഞെടുപ്പ് ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്ന് സ്നേഹ പറയുന്നു.

മൂന്ന് പെൺകുട്ടികളുടെ മാതാവാണ് സ്നേഹ. മൂന്ന് കുട്ടികൾക്കു വിവിധ വിശ്വാസികൾ ഉപയോഗിച്ചു വരാറുള്ള പേരുകളാണ് ഇട്ടിരിക്കുന്നത്. മൂത്ത മകളുടെ പേര് ആതിര നസ്രീൻ എന്നാണ്. ആതിര എന്നത് ബുദ്ധമതക്കാർ ഉപയോഗിക്കുന്ന പേരാണ്. നസ്രീൻ എന്നത് മുസ്ലിങ്ങളുടെ പേരും. ഇങ്ങനെ വിചിത്രമെന്ന് പൊതുസമൂഹം കരുതുന്ന കോമ്പിനേഷൻ കാണുമ്പോൾ ആളുകൾ എന്തുകൊണ്ടെന്ന് അന്വേഷിക്കും. അതിന്റെ പിന്നിലെ കാരണം താനും മകളും വിശദീകരിക്കും. ഇതൊരു സാമൂഹ്യ പ്രചാരണ ഉപാധിയായിട്ടാണ് സ്നേഹ കാണുന്നത്.

നടനും മക്കൾ നീതി മന്‍ട്രം നേതാവുമായ കമൽ ഹാസൻ, നടി രോഹിണി, നടൻ സത്യരാജ് തുടങ്ങിയവരുടെ അഭിനന്ദനങ്ങളും സ്നേഹയെ തേടിയെത്തിയിട്ടുണ്ട് ഇതിനകം.