X

ദളിതരെ കലാപത്തിന് പ്രേരിപ്പിക്കുന്നു; മേവാനിയെ കര്‍ണാടകത്തില്‍ കയറ്റരുതെന്ന് ബിജെപി

പ്രകാശ് രാജിനെയും മേവാനിയേയും പോലുള്ളവര്‍ ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 12 വരെ ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്ന ആവശ്യവുമായി ബിജെപി. പൊതുജനങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് മേവാനി ശ്രമിക്കുന്നതെന്നും അതിനാലാണ് തങ്ങള്‍ ഇത്തരമൊരു ആവശ്യം ഉയര്‍ത്തുന്നതെന്നുമാണ് ബിജെപി കര്‍ണാടക ജനറല്‍ സെക്രട്ടറി സി ടി രവി ഡെക്കാണ്‍ ക്രോണിക്കള്‍ പത്രത്തോട് പറഞ്ഞു.

മേവാനിയേയും പ്രകാശ് രാജിനെയും പോലുള്ള ആളുകള്‍ ദളിതരേയും ന്യൂനപക്ഷങ്ങളേയും ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുക, കലാപത്തിനു പ്രേരിപ്പിക്കുക എന്നിവയാണ് അവരുടെ അജണ്ടകള്‍. പരിതാപകരമായ അവസ്ഥ നേരിടുന്ന കോണ്‍ഗ്രസ് ആകട്ടെ, മേവാനിയെ പോലുള്ളവരുടെ സഹായം സ്വീകരിക്കാനും തയ്യാറാവുകയാണ്. സുപ്രിം കോടതി വിധിയുടെ പിന്നാലെ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ അശാന്തി പരന്നിരിക്കുകയാണ്.ദളിത് പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവിനെ മേവാനിയെപോലുള്ളവര്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. സുപ്രിം കോടതി വിധിയുമായി ബന്ധപ്പെടുത്തി ബിജെപിയേയും കേന്ദ്ര ഗവണ്‍മെന്റിനേയുമാണ് അവര്‍ അധിക്ഷേപിക്കുന്നത്. ഉത്തരേന്ത്യയില്‍ അശാന്തി പരത്താനാണ് അവരിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേരീതിയില്‍ ദക്ഷിണേന്ത്യയേയും കുഴപ്പത്തിലാക്കാന്‍ ശ്രമം നടത്തുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍. അതിനാലാണ് തെരഞ്ഞെടുപ്പ് തീയതി കഴിയും വരെ മേവാനിയെ കര്‍ണാടകത്തില്‍ പ്രവേശിപ്പിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ പരാതി നല്‍കാന്‍ ഞാന്‍ തയ്യാറെടുക്കുന്നത്, ജാതിയടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പേരില്‍ മേവാനിക്കെതിരേ നടപടിയെടുക്കണമെന്നും കമ്മിഷനോട് ഞങ്ങള്‍ ആവശ്യപ്പെടും; സി ടി രവി പറയുന്നു.

മേവാനി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഒരു ദളിതനും തയ്യാറാകരുതെന്നും ഏപ്രില്‍ 15 ന് മോദി കര്‍ണാടകയില്‍ നടത്തുന്ന റാലിയില്‍ അദ്ദേഹത്തിനെതിരേ ചോദ്യങ്ങള്‍ മുഴക്കന്‍ തയ്യാറാകണമെന്നും ദളിത് സംഘടനകളോട് മേവാനി ആഹ്വാനം ചെയ്യുന്നുണ്ട്. മേവാനി ജനങ്ങളോട് പറയുന്നത് ഇങ്ങനെയാണ്; നിങ്ങള്‍ മോദിയുടെ റാലിയിലേക്ക് പ്രവേശിക്കുക, കസേരകള്‍ വായുവിലേക്ക് എറിയുക, എന്നിട്ട് പ്രധാനമന്ത്രിയോട് ചോദിക്കണം, നിങ്ങള്‍ ഈ സംസ്ഥാനത്ത് രണ്ടുകോടിയോളം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നു നല്‍കിയ വാഗ്ദാനം എന്തായെന്ന? മോദി ഉത്തരം പറയാന്‍ തയ്യാറായില്ലെങ്കില്‍, മോദിയോട് ഇവിടെ നിന്നും തിരിച്ചു പോകാനും ഹിമാലയത്തിലെ രാമമന്ദിരത്തില്‍ അഭയം തേടാനും പറയണം.

താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ വേണ്ടിയല്ല ഇവിടെ എത്തിയതെന്നും ഫാസിസത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തില്‍ എത്തരുതെന്‌ന് ഉറപ്പിക്കാന്‍ ആണെന്നും പ്രംസഗത്തില്‍ മേവാനി പറയുന്നുണ്ട്. ഈ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ബിജെപിയെ പ്രകോപിക്കാനുള്ള പ്രധാനകാരണവും അതാണ്.

അതേസമയം ചിത്രദുര്‍ഗയിലെ പ്രസംഗത്തിന്റെ പേരില്‍ മേവാനിക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെതിരേയാണ് കേസ്. കോമു സൗഹാര്‍ദ്ദ വേദികെയുടെ നേതാക്കള്‍ക്കെതിരേയും എഫ് ഐ ആര്‍ ഇട്ടിട്ടുണ്ട്. ദളിത് സംഘടനടയായ കോമു സൗഹാര്‍ദ്ദ വേദികെയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മേവാനി മോദിയോയും ബിജെപിയേയും വിമര്‍ശിച്ചത്.

This post was last modified on April 7, 2018 11:50 am