X

ഇതെല്ലാം ചെയ്തത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്നറിയുമ്പോൾ ലജ്ജിക്കുന്നു: എംഎം മണി

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി. അപകടത്തിനു ശേഷം അപകടത്തിന്റെ ഉത്തരവാദിത്വം തന്റെ സുഹൃത്തിന്റെ പേരിൽ ചാർത്താൻ ശ്രീരാം ശ്രമിച്ചന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അർധരാത്രി നിയമങ്ങളെല്ലാം തെറ്റിച്ച് പാഞ്ഞു വന്ന കാറിടിച്ചാണ് മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. ഇതെല്ലാം ചെയ്തത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.

മന്ത്രി മണിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ഒരു സബ്കളക്ടറും ചില മാധ്യമപ്രവര്‍ത്തകരും കുടിച്ച് കൂത്താടി തോന്ന്യവാസം കാണിക്കുന്നതിന് കൂട്ടുനില്‍ക്കാനാകില്ലെന്ന മണിയുടെ പഴയ പ്രസ്താവന ഉദ്ധരിച്ചാണ് പലരുടെയും കമന്റ്. മൂന്നാറിൽ ശ്രീരാം ഉദ്യോഗസ്ഥ ഹീറോയായ സന്ദർഭത്തില്‍ മണി നടത്തിയ പ്രസ്താവനയാണിത്. ഈ പ്രസ്താവന വലിയ വിവാദമായി മാറുകയും ചാനൽ ചർച്ചകൾക്ക് വിഷയമാകുകയും ചെയ്തിരുന്നു.

എംഎം മണിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച്‌ നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച്‌ കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനം.