X

മോദിയുടെ സ്വപ്‌ന പദ്ധതികള്‍ ‘തള്ളി’യിട്ട് നീങ്ങുന്നില്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്

ഏറെ കൊട്ടിഘോഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയെടുക്കാം. അനുവദിച്ച തുകയുടെ വെറും 1.8 ശതമാനമാണ് ചിലവഴിച്ചിരിക്കുന്നത്. ഭവനനിര്‍മ്മാണ, ഡ്രെയ്‌നേജ് പദ്ധതികള്‍ക്ക് 30 ശതമാനത്തില്‍ താഴെ തുക മാത്രമാണ് ചിലവാക്കിയിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ് ബ്ലൂംബെര്‍ഗ് അന്വേഷിക്കുന്നത്. മിക്കവാറും പ്രധാന പദ്ധതികള്‍ക്ക് അനുവദിച്ച പണം കാര്യമായി ചിലവാക്കിയിട്ടില്ലെന്നാണ് പാര്‍ലമെന്ററി സമിതിയുടെ കണ്ടെത്തല്‍. നഗരവികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആറ് പ്രധാന പദ്ധതികള്‍ക്ക് മൊത്തം അനുവദിച്ച തുകയുടെ 21 ശതമാനം മാത്രമാണ് ചിലവഴിച്ചിരിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയെടുക്കാം. അനുവദിച്ച തുകയുടെ വെറും 1.8 ശതമാനമാണ് ചിലവഴിച്ചിരിക്കുന്നത്. ഭവനനിര്‍മ്മാണ, ഡ്രെയ്‌നേജ് പദ്ധതികള്‍ക്ക് 30 ശതമാനത്തില്‍ താഴെ തുക മാത്രമാണ് ചിലവാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും മതിയായ ആസൂത്രണം കേന്ദ്ര നഗരവികസന, ഭവനനിര്‍മ്മാണ വകുപ്പുകള്‍ ചെയ്തിട്ടില്ലെന്ന് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. എല്ലാവര്‍ക്കും വീട്, തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം അവസാനിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളും പദ്ധതി അവതരണവുമലല്ലാതെ കാര്യമായ നടപ്പാക്കലൊന്നും ഉണ്ടാകുന്നില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

ഒരു ആലോചനയും ആസൂത്രണവുമില്ലാതെ വലിയ വാഗ്ദാനങ്ങളും വലിയ പദ്ധതി പ്രഖ്യാപനങ്ങളുമാണ് വരുന്നത് എന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ബിജുജനതാദള്‍ എംപിയുമായ പിനാകി മിശ്ര ചൂണ്ടിക്കാട്ട. അതേസമയം റിപ്പോര്‍ട്ടില്‍ പറയുന്ന കുറഞ്ഞ പണം ചിലവഴിക്കല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് നഗരവികസന മന്ത്രാലയ വക്താവ് രാജീവ് ജെയിന്‍ പറയുന്നത്. പദ്ധതി പൂര്‍ത്തിയായ ശേഷം, പ്രോജക്ട് മാനേജര്‍മാര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച ശേഷം മാത്രമേ ചിലവുകള്‍ സംബന്ധിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് രാജീവ് ജെയിന്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസം പ്രശ്‌നമുണ്ടാക്കുന്നതായും രാജീവ് ജെയിന്‍ പറയുന്നു. എന്നാല്‍ ഉദ്യോഗസസ്ഥരെ പഴിചാരി, തടിയൂരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെത് പിനാകി മിശ്ര കുറ്റപ്പെടുത്തുന്നു. ഏതായാലും ഫണ്ട് വിനിയോഗവും പ്രവര്‍ത്തനങ്ങളും ഇത്തരത്തിലാണെങ്കില്‍ മോദിയുടെ സ്വപ്‌ന പദ്ധതികള്‍ കടലാസില്‍ അവശേഷിക്കുമെന്ന കാര്യം വ്യക്തമാക്കുന്നതാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

This post was last modified on March 20, 2018 12:42 pm