തമിഴ്നാട്ടിലെ പുതുക്കോട്ടൈയില്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ത്രിപുരയില്‍ ബിജെപി ജയിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പല പ്രമുഖരുടെയും പ്രതിമകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
നേരത്തെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. തിരുപ്പത്തൂര്‍ കോര്പ്പറേഷന് ഓഫീസിലെ പെരിയാര്‍ പ്രതിമായാണ് അന്ന് നശിപ്പിക്കപ്പെട്ടത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ത്തു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് പോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കണമെന്നായിരുന്നു രാജയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ബ്രാഹ്മണ്യത്തിനെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ വന്‍ വിമര്‍ശനങ്ങളാണ് പെരിയാറിനെതിരെ ഹിന്ദു സംഘടനകള്‍ അഴിച്ചുവിടുന്നത്. പെരിയാര്‍ എന്നറിയപ്പെടുന്ന ഇ വി രാമസ്വാമിയാണ് ദ്രാവിഡര്‍ കഴകം രൂപീകരിച്ചത്. തമിഴ്നാട്ടില്‍ ദ്രാവിഡ നയങ്ങള്‍ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും തുടക്കം കുറിച്ചത് ഈ പ്രസ്ഥാനമാണ്.