X

ലോക്പാൽ: മോദി അധികാരത്തിലേറിയ ശേഷം സെലക്ഷൻ കമ്മറ്റി യോഗം കൂടാൻ എടുത്തത് 45 മാസം

ലോക്പാൽ സ്ഥാപിക്കാൻ സർക്കാരിന് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിന്റെ തെളിവാണ് യോഗം ചേരാനുണ്ടായ വൈകലെന്ന് അഞ്ജലി ഭരദ്വാജ് പറയുന്നു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നതിനു ശേഷം ലോക്പാൽ സെലക്ഷൻ കമ്മറ്റി യോഗം കൂടുന്നതിൽ അസാധാരണമായ വൈകലുണ്ടായെന്ന് റിപ്പോർട്ട്. ആർടിഐ ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് പുറത്തുകൊണ്ടുവന്ന വിവരാവകാശ രേകകളാണ് ലോക്പാലിനോട് മോദി സർക്കാർ അങ്ങേയറ്റത്തെ അവഗണന കാണിച്ചുവെന്ന് വ്യക്തമാക്കുന്നത്. മുൻ പ്രധാനമന്ത്രി മന്‍മോഹൻ സിങ് തന്റെ കാലയളവിൽ ലോക്പാൽ സെലക്ഷൻ കമ്മറ്റിയുടെ രണ്ട് യോഗങ്ങൾ വിളിച്ചിരുന്നു.

2014 ഫെബ്രുവരി മാസത്തിൽ മൻമോഹൻ സിങ് രണ്ട് യോഗങ്ങളാണ് വിളിച്ചു ചേർത്തത്. 2013 ഡിസംബർ മാസത്തിലായിരുന്നു ലോക്പാൽ ബിൽ പാസ്സായത്. ഇതിനു ശേഷം എൻഡിഎ സർക്കാർ അധികാരത്തിലേറിയതോടെ ലോക്പാൽ സെലക്ഷൻ കമ്മറ്റി യോഗം ചേരുകയുണ്ടായില്ല. 45 മാസങ്ങൾ പിന്നിട്ട് ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ലോക്പാൽ യോഗം ചേർന്നത്.

ഒരു ചെയർപേഴ്സനും എട്ട് മെമ്പർമാരും അടങ്ങുന്നതാണ് ലോക്പാൽ സമിതി. പ്രധാനമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നവരടങ്ങുന്ന സെലക്ഷൻ കമ്മറ്റിയാണ് ലോക്പാലിനെ നിശ്ചയിക്കുക. ഈ കമ്മറ്റിയാണ് 45 മാസത്തോളം യോഗം ചേരാതിരുന്നത്.

ലോക്പാൽ സ്ഥാപിക്കാൻ സർക്കാരിന് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിന്റെ തെളിവാണ് യോഗം ചേരാനുണ്ടായ വൈകലെന്ന് അഞ്ജലി ഭരദ്വാജ് പറയുന്നു. 2013ൽ ലോക്പാൽ ബിൽ പാസ്സായിട്ടും ഇതുവരെ ലോക്പാലിനെ നിയമിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് അഞ്ജലി ചൂണ്ടിക്കാട്ടി.

This post was last modified on December 21, 2018 9:47 am