X

200 രൂപയുടെ ബിരിയാണിക്ക് വേണ്ടി രണ്ടാം പൗര ആവാൻ സൗകര്യമില്ല

ഇനി എന്നെ വിളിക്കുന്ന എല്ലാ വിവാഹത്തിനും ഞാൻ മുന്നിൽ കൂടെ, ആണുങ്ങളുടെ ഇടയിലൂടെ ആണ് ആ വഴി എങ്കിൽ അങ്ങനെ, കയറും. ആദ്യം വിളമ്പി തിന്നും. സ്റ്റേജിൽ കയറി പിയാപ്ലയെ അടക്കം അനുമോദിക്കും.

കിളിനാക്കോട് വിവാദം പുതിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലിസ് ചമയുകയും സമൂഹമാധ്യങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം നവമാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചകൾക്ക് ഹേതുവായപ്പോൾ ഏറെ പ്രാധാന്യമുള്ള, സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന നിലപാടുമായി സ്ത്രീകൾ തന്നെ മുന്നോട്ടു വരുന്ന കാഴ്ചയാണ് നാം കാണുന്നത്.

വിവാഹ ചടങ്ങുകളിൽ പോലും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ തുറന്നെഴുതുകയും, അതിനോട് സമരസപ്പെടാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ് അയ്ഷ മഹ്മൂദ്.

അയ്ഷ മഹ്മൂദിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം :

വിവാഹവീടുകളിൽ പതുങ്ങി കയറി, പിയാപ്ല വരുന്നത് ഒളിച്ചിരുന്ന് നോക്കി, മിക്കപ്പോഴും വിശാലമായ ഇടങ്ങൾ പുരുഷന്മാർക്ക് വിട്ടു വീടിന്റെയോ, ഹാളിന്റെയോ ചെറു ഇടങ്ങളിൽ ഇടുങ്ങി കൂടിയും, മറയിൽ ഇരുന്ന ശേഷം പിരിഞ്ഞും, വീടുകളിൽ ആണെങ്കിൽ പുരുഷന്മാർക്ക് വിളമ്പിയ ശേഷം ഭക്ഷണം കഴിച്ചും ആണ് വിവാഹങ്ങൾ ഞങ്ങൾക്ക് പൊതുവെ.

പാട്ടു പാടിയതിന് ഒപ്പന കളിച്ചതിനു സ്റ്റേജിൽ പിയോട്ടിയും പിയാപ്ലയും ഒന്നിച്ചു നിന്നതിനു, കല്യാണത്തിന് മുന്നേ കൂട്ടുകാർ ഒരുമിച്ചു കേക്ക് മുറിച്ചു എൻഗേജ്‌മെന്റ് ആഘോഷിച്ചതിന്, എൻഗേജ്‌മെന്റിന് ചെക്കൻ പെണ്ണിന് മോതിരം ഇട്ടതിനു (വിവാഹത്തിന് മുന്നേ പെണ്ണിനെ തൊട്ടല്ലോ?!) കൈ കഴുകുന്ന സ്ഥലത്തു ആണിനും പെണ്ണിനും വാഷ് ബേസിൻ ഒരേ വരിയിൽ ആയതിനു (തല തിരിച്ചു നോക്കിയാൽ പരസ്പരം കാണാം പോലും!), ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് പാട്ടു പാടിയതിനു,പെണ്ണുങ്ങളുടെ ഇടയിൽ ആൺ ഫോട്ടോഗ്രാഫർ പെരുമാറിയതിന്… ഒക്കെ പള്ളികമ്മിറ്റിയുടെ അന്വേഷണ മുറകളും മാപ്പു പറച്ചിലുകളും അവഹേളനവും വളരെ സാധാരണമാണ്.

ഇനി ഭാര്യയെ അടിക്കുന്ന, പീഡിപ്പിക്കുന്ന, രഹസ്യ വിവാഹങ്ങളും ഒന്നിൽ കൂടുതൽ വിവാഹങ്ങളും കഴിച്ച പുരുഷന്മാർ ഇതേ പള്ളികളിൽ ഉണ്ട്. വ്യക്തിപരമായി അറിയാവുന്ന കേസുകൾ. ഭാര്യയെ സംശയമായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന് അവളെ വാച്ച് ചെയ്തവൻ ഒരുത്തൻ ഉണ്ടായിരുന്നു , അവളെ അടിച്ചു ചോര തുപ്പിച്ചവൻ രണ്ടു ഭാര്യമാരെ – അവനിപ്പോ മൂന്നാമതും ഇതേ പള്ളിക്കാര് കാർമികത്വം വഹിച്ചു വിവാഹിതനായി. വേറൊരുത്തൻ, പ്രൊഫെസ്സർ ആണ്- പള്ളിയിലെ ബുദ്ധിജീവി- ഭാര്യ പള്ളിയെ സമീപിച്ചപ്പോൾ ഒതുക്കി വിട്ടു. ഇവരെയൊന്നും പള്ളിയോ മതവികാരികളോ ചോദ്യം ചെയ്യില്ല, ശിക്ഷിക്കില്ല, വിറകുകൊള്ളിക്കായി ഉണക്കില്ല.

നമ്മള് പെണ്ണുങ്ങള് പക്ഷെ മിണ്ടാണ്ട് വന്നു നക്കീട്ടു പൊയ്ക്കൊള്ളണം.

മനസില്ല. ഇനി എന്നെ വിളിക്കുന്ന എല്ലാ വിവാഹത്തിനും ഞാൻ മുന്നിൽ കൂടെ, ആണുങ്ങളുടെ ഇടയിലൂടെ ആണ് ആ വഴി എങ്കിൽ അങ്ങനെ, കയറും. ആദ്യം വിളമ്പി തിന്നും. സ്റ്റേജിൽ കയറി പിയാപ്ലയെ അടക്കം അനുമോദിക്കും. പറ്റാത്തവർ വിളിക്കണ്ട. 200 രൂപയുടെ ബിരിയാണിക്ക് വേണ്ടി രണ്ടാം പൗര ആവാൻ സൗകര്യമില്ല.

നിങ്ങളുടെ സദാചാര ബോധം മാറുന്ന കാലം വരെ പെൺകുട്ടികൾ കാത്തു നിൽക്കണം എന്ന് ആഗ്രഹിക്കരുത്; അവരിതാ ഇങ്ങനെയൊക്കെ കൂസലില്ലാതെ വളരുകയാണ്

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:

This post was last modified on December 21, 2018 10:10 am