X

നിങ്ങള്‍ക്ക് വഴങ്ങില്ല, ഞങ്ങള്‍ രാജ്യത്തിനൊപ്പം നില്‍ക്കും; കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി

ഇന്നു രാവിലെയാണ് എന്‍ഡിടിവി സഹ സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടന്നത്.

അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നവരുടെ മുന്നില്‍ തോറ്റുകൊടുക്കില്ലെന്ന് എന്‍ഡിടിവി. ചാനല്‍ ഉടമ പ്രണോയ് റോയിക്കും ഭാര്യ രാധികാ റോയിക്കും എതിരെ ഇന്നു നടന്ന സിബിഐ റെയ്ഡിനെ വിമര്‍ശിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്രസര്‍ക്കാരിനെതിരേ ചാനല്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്.

ഇന്നു രാവിലെ എന്‍ഡിടിവിക്കും അതിന്റെ പ്രമോട്ടര്‍മാര്‍ക്കുമെതിരെയുള്ള അവസാനമില്ലാത്തും എന്നാല്‍ വ്യാജവുമായ പഴയ ആരോപണങ്ങളുടെ പുറത്ത് സിബിഐ പീഡിപ്പിക്കാനെത്തി.

എതിരഭിപ്രായം പറയുന്നവരെ തേടിപ്പിടിച്ച് പീഡിപ്പിക്കാന്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ എന്‍ഡിടിവിയും അതിന്റെ പ്രമോട്ടര്‍മാരും അക്ഷീണം പോരാടും. അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ക്ഷയിപ്പിക്കുന്ന ഇത്തരം നിര്‍ലജ്ജമായ ശ്രമങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ വഴങ്ങിക്കൊടുക്കുകയില്ല.

രാജ്യത്തിനുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങളെ നശിപ്പിക്കുന്നവര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സന്ദേശമിതാണ്; ഈ രാജ്യത്തിനുവേണ്ടി ഞങ്ങള്‍ പൊരുതും, എതിര്‍ശക്തികളെ പരാജയപ്പെടുത്തും.

ഇന്നു രാവിലെയാണ് എന്‍ഡിടിവി സഹ സ്ഥാപകനും എക്‌സിക്യൂട്ടീവ് കോ ചെയര്‍പേഴ്‌സണും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയിയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടന്നത്. അദ്ദേഹത്തിന്റെ ഡല്‍ഹിയിലുളള വസതിയിലായിരുന്നു റെയ്ഡ്. ഐസിഐസിഐ ബാങ്കിന് 42 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് റെയ്ഡ്. വിദേശ വിനിമയ ചട്ടം ലംഘിച്ചതിനും വായ്പകള്‍ തിരിച്ചടക്കാത്തതിലും പ്രണോയ് റോയ്, രാധിക റോയ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ റെയ്ഡ് എന്നാരോപിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നു. ഇന്ത്യ ഔദ്യോഗികമായി തന്നെ ഒരു ഗുണ്ടാരാജ് ആയി കഴിഞ്ഞെന്നും ആരെങ്കിലും സര്‍ക്കാരിനെതിരേ സംസാരിച്ചാല്‍ അവരെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കും എന്നുമായിരുന്നു പ്രണോയ് റോയിക്കെതിരേയുള്ള നടപടിയെ വിമര്‍ശിച്ച് കോളമിസ്റ്റും മുന്‍ ആര്‍മി കേണലുമായ അജയ് ശുക്ല ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് കന്നുകാലി കശാപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളെ ബന്ധപ്പെടുത്തി എന്‍ഡിടിവിയില്‍ നടന്ന തത്സമയ ചര്‍ച്ചയില്‍ നിന്നും ബിജെപി ദേശീയ വക്താവ് സാമ്പിത് പാത്രയെ എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി രാസ്ദാന്‍ പുറത്താക്കിയത്. ഇതടക്കം പലഘട്ടങ്ങളിലും കേന്ദ്രസര്‍ക്കാരും ബിജെപിയുമായി എന്‍ഡിടിവി ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്.

This post was last modified on June 5, 2017 12:44 pm