X

‘എന്റെ മകൻ ഇന്നൊരു പൈലറ്റാണ്; സഹായിക്കുന്നത് ആരുമറിയരുതെന്ന് രാഹുൽ കർശനമായി പറഞ്ഞു’: രാഹുൽ ഗാന്ധിയെ നന്ദിയോടെ സ്മരിച്ച് നിർഭയയുടെ പിതാവ്

മകന് പൈലറ്റാകുവാനുള്ള പ്രചോദനം നല്‍കിയതും അവന്റെ കൂടെനിന്നതും രാഹുലാണെന്ന് പിതാവ് പറയുന്നു.

ഡല്‍ഹിയില്‍ ക്രൂരമായ കൂട്ട ബലാൽസംഗത്തിന് ഇരയായി മരണപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റായതില്‍ മാതാപിതാക്കള്‍ നന്ദിപറയുന്നത് രാഹുല്‍ഗാന്ധിയോട്. നിര്‍ഭയയുടെ മരണത്തിനു ശേഷം തങ്ങൾ നേരിട്ട ഓരോ പ്രതിസന്ധി ഘട്ടത്തിലും രാഹുൽ തങ്ങൾക്കൊപ്പം നിന്നിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് പറയുന്നു. ‘രണ്ട് വര്‍ഷം മുന്‍പുതന്നെ നിര്‍ഭയയുടെ സഹോദരന്റെ പൈലറ്റ് ട്രയിനിങ് കഴിഞ്ഞിരുന്നു. എന്നാല്‍ പൈലറ്റ് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് ഇപ്പോഴാണ്. മകളുടെ മരണത്തോടെ തകര്‍ന്നുപോയ ഞങ്ങളുടെ കുടുംബത്തെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചത് രാഹുലാണ്’. 23 വയസ്സുള്ളപ്പോഴാണ് നിർഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിന്റെ സ്വഭാവം മൂലം ലോകം മുഴുവൻ ശ്രദ്ധിച്ച സംഭവമായിരുന്നു അത്.

മാനസികമായി തങ്ങളനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍പോലും രാഹുല്‍ഗാന്ധി ആശ്വാസം പകര്‍ന്നിരുന്നുവെന്നും നിര്‍ഭയയുടെ പിതാവ് ഭദ്രിനാഥ് സിങ് കൂട്ടിച്ചേര്‍ക്കുന്നു. മകന് പൈലറ്റാകുവാനുള്ള പ്രചോദനം നല്‍കിയതും അവന്റെ കൂടെ നിന്നതും രാഹുലായിരുന്നു. ‘ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി’യിലായിരുന്നു നിര്‍ഭയയുടെ സഹോദരന്‍ പഠിച്ചിരുന്നത്. റായ് ബറേലിയിലെ ഒരു സർക്കാർ സ്ഥാപനമാണിത്.

ഇന്‍ഡിഗോ എയർലൈന്‍സിലാണ് നിർഭയയുടെ സഹോദരൻ ഇപ്പോൾ ജോലി ചെയ്യുന്നത്. ഇപ്പോൾ വിമാനങ്ങൾ പറത്തുന്നുണ്ട് അയാൾ. നിർഭയയുടെ പിതാവ് ജോലി ചെയ്യുന്നത് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലാണ്.

വൈകാരികമായും സാമ്പത്തികമായും രാഹുൽ തങ്ങളെ സഹായിക്കുകയുണ്ടായെന്ന് ഭദ്രിനാഥ് പറഞ്ഞു. താൻ സഹായിക്കുന്നത് രഹസ്യമാക്കി വെക്കണമെന്ന് അദ്ദേഹം കർശനമായി പറയുമായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും രാഹുൽ പറയാറുണ്ടായിരുന്നു. അദ്ദേഹത്തോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും ഭദ്രിനാഥ് പറഞ്ഞു.

പൈലറ്റാകാൻ പഠിക്കുന്ന തന്റെ മകനെ രാഹുൽ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരുന്നുവെന്നും ഭദ്രിനാഥ് പറഞ്ഞു. പൈലറ്റാകാൻ പ്രേരിപ്പിച്ചതും ഉറാൻ അക്കാദമിയിൽ അഡ്മിഷൻ നേടിക്കൊടുത്തതും രാഹുലാണെന്നും അദ്ദേഹം വ്യക്തമാക്കി.