X

‘മഹാസഖ്യത്തിന് വോട്ടു ചെയ്യരുത്, അവര്‍ പാകിസ്ഥാനികളാണ്’ വീണ്ടും വിവാദ പരാമര്‍ശവുമായി വരുണ്‍ ഗാന്ധി / വീഡിയോ

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യത്തിനു നേരെ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. മഹാസഖ്യത്തിലെ നേതാക്കള്‍ പാകിസ്ഥാനികളാണ് എന്നാണ് വരുണ്‍ ആരോപിച്ചത്. സുല്‍ത്താന്‍പൂരില്‍ അമ്മ മേനകാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കവെയായിരുന്നു വരുണിന്റെ ഈ വിവാദ പരാമര്‍ശം.

അമ്മയ്ക്കുവേണ്ടി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം തന്നെ മഹാസഖ്യത്തിന് വോട്ടു ചെയ്യരുതെന്നും വരുണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘ഇവര്‍ പാകിസ്താന്‍കാരാണ്. ആണോ അല്ലയോ?’ എസ്പി-ബിഎസ്പി നേതാക്കളെക്കുറിച്ച് വരുണ്‍ ചോദിച്ചപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു മറുപടി.

വരുണ്‍ ഗാന്ധിയുടെ പ്രസംഗം 1990ലെ അയോദ്ധ്യ വെടിവയ്പിനെക്കുറിച്ചും പരാമര്‍ശിച്ചു.‘ആരാണ് രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തത്?’ വരുണ്‍ ഗാന്ധി തുടര്‍ന്നു. ‘മുലായം സിങ് യാദവ്’ എന്ന് ജനങ്ങള്‍ മറുപടി നല്‍കി. ‘500 പേര്‍ കൊല്ലപ്പെട്ടു, അവരുടെ രക്തം ചിതറിത്തെറിച്ചു.. നമുക്കത് മറക്കാന്‍ കഴിയില്ല’ വരുണ്‍ അഭിപ്രായപ്പെട്ടു.

അയോധ്യയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍സേവകരെ വെടിവയ്ക്കാന്‍ എസ്പി സ്ഥാപകനും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് ഉത്തരവിട്ടതിനെക്കുറിച്ചുമായിരുന്നു വരുണിന്റെ ഓര്‍മ്മപ്പെടുത്തല്‍.

എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയേയുള്ളൂ എന്ന് കഴിഞ്ഞ ദിവസം വരുണ്‍ പറഞ്ഞതും വലിയ വിവാദമായിരുന്നു. ഇത്തവണ പിലാഭിത്തില്‍ നിന്നാണ് വരുണ്‍ ഗാന്ധി ജനവിധി തേടുന്നത്.

വീഡിയോ കാണാം..

This post was last modified on May 6, 2019 11:46 am