X

അവിശ്വാസപ്രമേയം ഭൂരിപക്ഷവും ധാർമികതയും തമ്മിലുള്ള യുദ്ധമെന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രയിലെ അഞ്ച് കോടി ജനങ്ങളോട് നീതി പുലർത്താൻ കേന്ദ്രം തയ്യാറാകുന്നതുവരെ ഈ യുദ്ധം തുടരുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

പാർലമെന്റിൽ തങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഭൂരിപക്ഷവും ധാർമികതയും (majority and morality) തമ്മിലുള്ള യുദ്ധമെന്ന് വിശേഷിപ്പിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ആന്ധ്ര-തെലങ്കാന വിഭജനത്തിനായി കൊണ്ടുവന്ന നിയമങ്ങളും അന്ന് നൽകിയ വാഗ്ദാനങ്ങളും പാലിക്കപ്പെടണമെന്ന് നായിഡു ആവശ്യപ്പെട്ടു.

ആന്ധ്രയിലെ അഞ്ച് കോടി ജനങ്ങളോട് നീതി പുലർത്താൻ കേന്ദ്രം തയ്യാറാകുന്നതുവരെ ഈ യുദ്ധം തുടരുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. തന്റെ സംസ്ഥാനത്തിന്റെ താൽപര്യങ്ങളാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആരൊക്കെയാണോ തന്റെ കൂടെ ഈ യുദ്ധത്തിലുള്ളത് അവരെല്ലാം തന്റെ സുഹൃത്തുക്കളും അല്ലാത്തവരെല്ലാം തന്റെ ശത്രുക്കളുമാണെന്നും നായിഡു പറഞ്ഞു. കഴിഞ്ഞദിവസം അവിശ്വാസപ്രമേയത്തിന് തെലങ്കാന രാഷ്ട്ര സമിതിയുടെ പിന്തുണ ഉണ്ടായിരുന്നില്ല.

2019 ലോകസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായിട്ടാണ് ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക. ആന്ധ്രയ്ക്ക് പ്രത്യേകപദവി നൽകണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിലേക്കും പിന്നീട് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിലേക്കും നായിഡുവിനെ നയിച്ചത്.

നരേന്ദ്രയുടെയും അമിത്തിന്റെയും ഇതിഹാസം ശൂന്യമായ വാഗ്ദാനങ്ങളുടെയും നിർവ്വഹിക്കാത്ത കർത്തവ്യങ്ങളുടെയും ഇതിഹാസമാണെന്ന് കഴിഞ്ഞദിവസം അവിശ്വാസപ്രമേയം അവതരിപ്പിച്ച് സംസാരിക്കവെ ടിഡിപി ലോകസഭാംഗം ജയദേവ് ഗല്ല പറഞ്ഞിരുന്നു.

This post was last modified on July 21, 2018 7:52 am