വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ കൂടി അവശേഷിക്കെ പ്രതിപക്ഷം രാഷ്ട്രപതിയെ കാണാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം സർക്കാരുണ്ടാക്കാൻ ആരെ വിളിക്കണമെന്നത് സംബന്ധിച്ചുള്ള ഒരു അസാധാരണ അപേക്ഷയുമായാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കാണുന്നത്. ഒരു കക്ഷിക്കും കേവലഭൂരിപക്ഷം നേടാനായില്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കരുതെന്ന് പ്രതിപക്ഷം രാഷ്ട്രപതിയോട് അപേക്ഷിക്കും.
രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികൾ ചേർന്നായിരിക്കും രാഷ്ട്രപതിയെ കാണുക. ഫലം വന്നുകഴിഞ്ഞാൽ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചുള്ള കത്ത് രാഷ്ട്രപതിക്ക് നൽകാൻ തങ്ങൾ തയ്യാറായിരിക്കുമെന്നും പ്രതിപക്ഷം അറിയിക്കും. പ്രാദേശിക പാർട്ടികളടങ്ങുന്നവരുൾപ്പെടുന്ന സഖ്യത്തെ തകർക്കാൻ, കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൂടുതൽ സീറ്റുകളിൽ വിജയിച്ച പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി അവസരം നൽകുന്നത് തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അറിയുന്നു. 272 അംഗങ്ങളാണ് കേവലഭുരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ബിജെപി കേവലഭൂരിപക്ഷം നേടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കേവലഭുരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപിയെ ഗവർണർമാർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങളുണ്ടാക്കി. ബിജെപിയുടെ കുതിരക്കച്ചവടങ്ങൾക്ക് ഗവർണർമാർ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് അന്നെല്ലാം സംഭവിച്ചതെന്ന് രാഷ്ട്രപതിയെ ബോധിപ്പിക്കും പ്രതിപക്ഷം.
കർണാടകത്തിലും കൂടുതൽ സീറ്റ് നേടിയ ബിജെപി സർക്കാർ രൂപീകരിക്കാൻ ശ്രമങ്ങൾ നടത്തി. എന്നാൽ വൻ കുതിരക്കച്ചവടം നടക്കുന്നത് ദേശവ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെ ഇതിനുള്ള അവസരം ഇല്ലാതായി.
പ്രധാനമായും രണ്ട് പ്രതിപക്ഷ നീക്കങ്ങളാണ് നിലവിൽ രാജ്യത്ത് നടക്കുന്നത്. കോൺഗ്രസ്സ് അടക്കമുള്ള കക്ഷികളുൾപ്പെടുന്ന പ്രതിപക്ഷ മഹാസഖ്യമാണ് അവയിലൊന്ന്. കോൺഗ്രസ്സും ബിജെപിയും ഇല്ലാത്ത മറ്റൊരു സഖ്യത്തിനു വേണ്ടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ശ്രമം നടത്തുന്നുണ്ട്. മെയ് 19നാണ് അവസാന റൗണ്ട് വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണൽ നടക്കും.
This post was last modified on May 8, 2019 10:57 am
Leave a Comment