പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിലെ വിവരവിനിമയ മന്ത്രിയായ ഫയാസുൽ ഹസ്സൻ ചോഹാന് മന്ത്രിസ്ഥാനം നഷ്ടമായി. ഇന്ത്യയിലെ ഹിന്ദുക്കൾ മൂത്രം കുടിക്കുന്നവരാണ് എന്ന് പ്രസ്താവിച്ചതിനാണ് നടപടി. പാകിസ്താന്റെ ഭരണകക്ഷിയായ തെഹ്‌രീഖ് ഇ ഇൻസാഫ് പാർട്ടിക്കാരനാണ് പുറത്താക്കപ്പെട്ട മന്ത്രി. മറ്റൊരാളുടെ വിശ്വാസം ഒരു തരത്തിലുമുള്ള ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്ക് കാരണമാകരുതെന്ന് പാർട്ടി നിലപാടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തെഹ്‌രീഖ് ഇ ഇൻസാൻ ട്വീറ്റ് ചെയ്തു. പാകിസ്താനെ നിർമിച്ചെടുത്തിരിക്കുന്നത് സഹിഷ്ണുതയുടെ അടിത്തറയിലാണെന്നും ട്വീറ്റ് അവകാശപ്പെട്ടു.
പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദാർ ചോഹാനെ വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം രാജിവെക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. നയതന്ത്രതലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങൾ പാകിസ്താൻ നടത്തുന്നതിനിടെ വന്ന ചോഹാന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.
ജമ്മു കശ്മീരിലെ പുൽവാമയിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മൊഹമ്മദ് നടത്തിയ ഭീകരാക്രമണവും ശേഷമുണ്ടായ സംഘർഷങ്ങളുമാണ് ചോഹാന്റെ പ്രസ്താവനയ്ക്ക് പശ്ചാത്തലമായത്. ഇന്ത്യയെ ലക്ഷ്യമാക്കിയെന്നോണം ചോഹാൻ നടത്തിയ പ്രസ്താവന പാകിസ്താനിലെ ഹിന്ദുക്കള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇന്ത്യയിലെ ചില ഹിന്ദുമത വിഭാഗങ്ങൾ പശുവിനെ ആരാധിക്കുന്നുണ്ട്. ഗോമൂത്രവും ചാണകവും വിശുദ്ധമായി കരുതുന്നവരാണിവർ. ഇതിനെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി പരിഹാസമുതിർത്തത്.
Leave a Comment