X

ക്ഷീര കർഷകൻ പെഹ്‌ലു ഖാനെ ഗോരക്ഷകർ അടിച്ചു കൊന്ന കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു

പെഹ്‌ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു.

രാജസ്ഥാനിലെ ജയ്പൂരിൽ കന്നുകാലി മേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ക്ഷീര കർഷകൻ പെഹ്‌ലു ഖാനെ പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഗോരക്ഷകർ തല്ലിക്കൊന്ന കേസിൽ പ്രതികളായ ആറുപേരെയും വെറുതെ വിട്ടു. ആൾവാറിലെ വിചാരണക്കോടതിയാണ് ഈ വിധി പ്രസ്താവിച്ചത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെല്ലാം പുറത്തിറങ്ങിയത്. പെഹ്‌ലു ഖാനെ അടിച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ലഭ്യമായിരുന്നു. വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്.

ഐപിസി 147, 323, 341, 302, 308, 379, 427 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇതൊന്നും സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പെഹ്‌ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ജയ്പൂരിലെ മേളയില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു പെഹ്‌ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം. 2017 ഏപ്രില്‍ ഒന്നിനാണ് ആശുപത്രിയിൽ വെച്ച് പെഹ്‌ലു ഖാൻ മരണമടഞ്ഞത്.

ഈ സംഭവത്തിനു ശേഷം കോടതിയിൽ വിചാരണ നടക്കവെ പെഹ്‌ലു ഖാന്റെ മക്കൾക്കു നേരെ വെടിവെപ്പ് അടക്കമുള്ള ആക്രമണങ്ങൾ നടന്നിരുന്നു.

ആൾക്കൂട്ട ആക്രമണം നേരിട്ട, പെഹ്‌ലു ഖാന്റെ കൂടെയുണ്ടായിരുന്നവർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസ്സെടുക്കുകയും ചെയ്തിരുന്നു. പെഹ്ലു ഖാന്റെ നാട്ടുകാരായ (ഹരിയാനയിലെ ജയ്‌സിംഗ്പൂര്‍) അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തത്.

ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പെഹ്ലു രണ്ട് ദിവസത്തിന് ശേഷം മരിച്ചു. അസ്മതിനും റഫീകിനും പരിക്കേറ്റു. അര്‍ജുല്‍ ലാല്‍ യാദവിനേയും പശു ഗുണ്ടകള്‍ ആക്രമിച്ചെങ്കിലും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. മേളയിൽ വെച്ച് പശുക്കളെ വാങ്ങിയതിന്റെ റെസീപ്റ്റ് ഉണ്ടെന്നും ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്നതാണ് ഇതെന്നും ആക്രമണം നേരിട്ട സംഘത്തിലുണ്ടായിരുന്ന അസ്മത് പിന്നീട് പറയുകയുണ്ടായി. ആക്രമണം നടക്കുമ്പോൾ തന്റെ പക്കലുള്ള റസീപ്റ്റ് അക്രമികളെ കാണിക്കാൻ പെഹ്‌ലു ഖാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഗോരക്ഷകർ പക്ഷെ, അതൊന്നും വകവെക്കാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

This post was last modified on August 14, 2019 10:01 pm