X

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ മോദിയുടെ വ്യോമസേന തകര്‍ത്തപ്പോള്‍ മമതയുടെ മുഖത്തെ ചിരി മാഞ്ഞു: അമിത് ഷാ

രാഹുല്‍ ഗാന്ധിയും മമതയും ഭീകരരുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറെടുത്താണ് നടക്കുന്നത്

ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യോമസേനയെ അയച്ചുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമയില്‍ 44 സൈനികരാണ് രക്തസാക്ഷികളായത്. അതിന് ശേഷം അത്തരമൊരു സംഭവം ഉണ്ടായതേയില്ല. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആക്രമണമുണ്ടായി പതിമൂന്നാം ദിവസം നരേന്ദ്ര മോദി തന്റെ വ്യോമസേനയോട് പ്രത്യാക്രമണത്തിന് ഉത്തരവിട്ടു. അതോടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ നമ്മുടെ യുദ്ധവിമാനങ്ങള്‍ പോയി തകര്‍ക്കുകയും ചെയ്തു. സായുധസേനയെ മോദിജിയുടെ സേനയെന്ന് വിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തിലായതിന് പിന്നാലെയാണ് അമിത് ഷായുടെയും പരാമര്‍ശം. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗിക്ക് നോട്ടീസ് അയച്ചിരുന്നു.

ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖത്തെ സന്തോഷം മാഞ്ഞുവെന്നും ബിജെപി അധ്യക്ഷന്‍ ആരോപിക്കുന്നു. മമത ഭീകരരോട് ഇലു-ഇലു (ഐ ലവ് യു) പറഞ്ഞ് നടക്കുകയാണ്. രാഹുല്‍ ഗാന്ധിയും മമതയും ഭീകരരുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറെടുത്താണ് നടക്കുന്നത്.

ഭീകരതയെ പാകിസ്ഥാനിന്റെ മണ്ണില്‍ വച്ച് തന്നെ അതിനെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങള്‍. ചിട്ടി ഫണ്ട് തട്ടിപ്പില്‍ ഉള്‍പ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ജയിലില്‍ അയക്കുമെന്ന് അമിത് ഷാ പറഞ്ഞു. ശാരദ, റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പുകളില്‍ നിന്നായി തൃണമൂല്‍ കോണ്‍ഗ്രസ് കോടികള്‍ നേടിയതായും ഷാ ആരോപിച്ചു.

ബിജെപി സര്‍ക്കാര്‍ മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌നം നല്‍കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുമാണ് ആദരിക്കപ്പെട്ടത്. രണ്ട് ഘട്ടങ്ങളിലായി പശ്ചിമബംഗാളിലെ വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. ബാക്കിയുള്ള മണ്ഡലങ്ങളില്‍ മെയ് 19ന് വോട്ടെടുപ്പ് നടക്കും.

This post was last modified on April 23, 2019 3:43 pm