X

വിഭാഗീയതാ വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മിനെക്കുറിച്ച് അറിയാത്തവരും പാര്‍ട്ടിയെ മോശമാക്കാന്‍ നോക്കുന്നവരും

ബിജെപിയെ നേരിടാന്‍ പര്യാപ്തമായ ഒരു ഐക്യം ഉണ്ടാകണമെന്ന മതേതര - ജനാധിപത്യവാദികളുടെ ആഗ്രഹത്തില്‍ നിന്നുമാണ് സിപിഐ (എം) അംഗീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നയത്തില്‍ ഇത്തരത്തില്‍ താത്പര്യവും ആശങ്കയും ഉണ്ടാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയ-അടവ് നയം ഈ ആശങ്ക പരിഹരിക്കും.

(സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ചത്)

സിപിഐ (എം) 22-ാം പാര്‍ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ജനുവരി 21ന് കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിച്ചത് മാധ്യമങ്ങളിലും രാഷ്ട്രീയവൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിരിക്കുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പുതന്നെ പോളിറ്റ് ബ്യൂറോയുടെ ഒരു കരട് പ്രമേയവും ഒരു ന്യൂനപക്ഷ കരട് പ്രമേയവും കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ വയ്ക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ മിക്കവയും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി എന്ന നിലയില്‍ സിപിഐ (എം)ന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ധാരണക്കുറവുകള്‍ കൊണ്ടുള്ളതോ അല്ലെങ്കില്‍ പാര്‍ടി നേതൃത്വത്തെ ഇകഴ്ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ളവയും വളച്ചൊടിച്ചവയും ആയിരുന്നു.

ഉദാഹരണത്തിന്, മാധ്യമങ്ങളില്‍ പൊതുവായി കണ്ട ഒരു നിരീക്ഷണം, പ്രത്യേകിച്ചും കേരളത്തിലെയും പശ്ചിമ ബംഗാളിലെയും മാധ്യമങ്ങളില്‍, രണ്ട് കരടുകളും രണ്ട് ‘വിഭാഗങ്ങള്‍’ അവതരിപ്പിച്ചവയാണ് എന്നതായിരുന്നു. പലരും അതിനെ ഒന്നുകൂടി പൊലിപ്പിച്ച്, രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനമാക്കി ചിത്രീകരിച്ചു, ഈ വിഷയത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും തമ്മില്‍. ഉള്‍പ്പാര്‍ടി ജനാധിപത്യ ചട്ടക്കൂടിനുള്ളില്‍ വ്യത്യസ്ഥമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും വീക്ഷണങ്ങളും ചര്‍ച്ച ചെയ്യുന്നതിനെ വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനങ്ങളും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുമാക്കി ചിത്രീകരിക്കുന്നു എന്നതുകൊണ്ടുതന്നെ അവ അടിസ്ഥാനരഹിതവും തെറ്റുമാണ്. കരട് രാഷ്ട്രീയ പ്രമേയം പ്രധാനമായും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചാണ് എന്നതാണ് മറ്റൊരു പൊതുവായ തെറ്റിദ്ധാരണ.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി എന്ന നിലയില്‍ സിപിഐ (എം)ന് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ സംഘടന തത്വങ്ങളെ അടിസ്ഥാനമാക്കിയ സവിശേഷ ശൈലിയാണ് ഉള്ളത്. പാര്‍ടിയുടെ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പാര്‍ടി ജനാധിപത്യമുണ്ടെന്നും അവിടെ രാഷ്ട്രീയവും സംഘടനാപരവുമായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നത് എന്നുമാണ് ഇതിനര്‍ത്ഥം. രാഷ്ട്രീയ വിഷയങ്ങളില്‍ വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാം. ഒരു അംഗത്തിനോ ഒരു കൂട്ടം അംഗങ്ങള്‍ക്കൊ അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കാം. സ്വതന്ത്രവും തുറന്നതുമായ ചര്‍ച്ചക്കൊടുവില്‍ കമ്മിറ്റി ഒരു തീരുമാനത്തിലെത്തുന്നു. ആവശ്യമെങ്കില്‍ തീരുമാനത്തിലെത്താന്‍ വോട്ടിനിടുകയും ഭൂരിപക്ഷ തീരുമാനം കമ്മിറ്റിയുടെ കൂട്ടായ തീരുമാനമായി മാറുകയും ചെയ്യും.

ഒരു രാഷ്ട്രീയ പ്രശ്‌നത്തില്‍ കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായവും ന്യൂനപക്ഷ അഭിപ്രായവും രണ്ട് വിഭാഗങ്ങളുടെ അണിനിരക്കലായി കാണേണ്ടതില്ല. വിഭാഗീയതയും വിഭാഗീയാടിസ്ഥാനത്തില്‍ സംഘടിക്കുന്നതും പാര്‍ട്ടി ഭരണഘടന അനുസരിച്ച് അനുവദനീയമല്ല. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ലംഘിക്കുകയും മറ്റ് താല്‍പര്യങ്ങളാല്‍ ഒന്നിച്ചുകൂടുകയും ചെയ്യുന്നവര്‍ മാത്രമാണ് വിഭാഗീയപ്രവര്‍ത്തനം നടത്തുന്നതായി കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍, പാര്‍ട്ടി കോണ്‍ഗ്രസിന് സമര്‍പ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുകയും അതിന് അന്തിമരൂപം നല്‍കുകയുമാണ് കേന്ദ്ര കമ്മിറ്റി ചെയ്തത്. പാര്‍ട്ടി ഭരണഘടന പ്രകാരം കേന്ദ്ര കമ്മിറ്റിയുടെ ചുമതലയാണിത്.

പാര്‍ട്ടി ഘടകങ്ങള്‍ക്കും അംഗങ്ങള്‍ക്കും ചര്‍ച്ച ചെയ്യാന്‍ ആവശ്യമായത്ര സമയം ലഭിക്കുന്നതിന് വേണ്ടി, കരട് പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസിന് രണ്ട് മാസം മുമ്പ് പുറത്തിറക്കണമെന്നും പാര്‍ട്ടി ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. പ്രമേയത്തിനുള്ള ഭേദഗതികള്‍ ഏതൊരംഗത്തിനും ഏതൊരു പാര്‍ട്ടി ഘടകത്തിനും നേരിട്ട് കേന്ദ്ര കമ്മിറ്റിക്ക് അയയ്ക്കാമെന്നും പാര്‍ട്ടി ഭരണഘടന പറയുന്നുണ്ട്. ഈ ഭേദഗതികളുടെ ഒരു റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പാകെ വയ്ക്കും. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കഴിഞ്ഞ നാല് മാസങ്ങളായി ഈ കരട് രാഷ്ട്രീയ പ്രമേയം തയ്യാറാക്കുന്ന പണിയിലായിരുന്നു. കരട് തയ്യാറാക്കുന്നതിനും പാര്‍ട്ടി കോണ്‍ഗ്രസിന് രണ്ട് മാസം മുമ്പ് അത് പ്രസിദ്ധീകരിക്കുന്നതിനും സാധാരണഗതിയില്‍ ആവശ്യമായ സമയമാണിത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ചാല്‍, അടുത്ത മൂന്ന് വര്‍ഷം പിന്തുടരേണ്ട രാഷ്ട്രീയ-അടവ് നയമാണ് കരട് രാഷ്ട്രീയ പ്രമേയം നിര്‍ദ്ദേശികുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്തേക്ക് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് വര്‍ഷമാകും. ഭരണകൂട നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ ബിജെപിയും ആര്‍എസ്എസും ഏറ്റെടുത്തത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടുകയാണ്. അതുകൊണ്ടുതന്നെ ഈ ഭീഷണിയെ നേരിടാന്‍ പ്രാപ്തമായ ഒരു രാഷ്ട്രീയ-അടവ് നയം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് – ബിജെപിയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിരിടാനും മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ജനങ്ങളെ സംഘടിപ്പിക്കാനും ഉതകുന്ന ഒരു നയം സംബന്ധിച്ച് പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര സമിതിയിലും തീക്ഷ്ണമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ബിജെപിയെ നേരിടാന്‍ പര്യാപ്തമായ ഒരു ഐക്യം ഉണ്ടാകണമെന്ന മതേതര – ജനാധിപത്യവാദികളായ ആളുകളുടെ വ്യാപകമായ ആഗ്രഹത്തില്‍ നിന്നുമാണ് സിപിഐ (എം) അംഗീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നയത്തില്‍ ഇത്തരത്തില്‍ താത്പര്യവും ആശങ്കയും ഉണ്ടാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയ-അടവ് നയം ഈ ആശങ്ക പരിഹരിക്കും. രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തില്‍, വരാനിരിക്കുന്ന നിയമസഭ, ലോക്‌സ്ഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മൂര്‍ത്തമായ തെരഞ്ഞെടുപ്പ് അടവുകള്‍ സ്വീകരിക്കും.

2018 ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ഉള്‍പ്പാര്‍ടി ചര്‍ച്ചകള്‍ അവസാനിക്കും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ബഹുജന സംഘടനകളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ഇവിടെയും, പാര്‍ടിയുടെ പരമോന്നത വേദി എന്ന നിലയില്‍ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനും അഭിപ്രായങ്ങള്‍ പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനുമെല്ലാം പ്രതിനിധികള്‍ക്ക് അവകാശമുണ്ടായിരിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തതിന് ശേഷം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയം പാര്‍ട്ടിയുടെ നിലവിലെ അടവ് നയമായി മാറും. എല്ലാ പാര്‍ട്ടി അംഗങ്ങളും, അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇതിന് മുമ്പ് എന്തുതന്നെയായിരുന്നാലും, ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ അനുസരിച്ച് പാര്‍ട്ടിയുടെ ഈ അംഗീകൃത രാഷ്ട്രീയ നയം നടപ്പാക്കാന്‍ ഒന്നിക്കും. അതോടെ പാര്‍ട്ടിയിലെ ‘പ്രതിസന്ധി’യെക്കുറിച്ചും വിഭാഗീയ സംഘട്ടനത്തെയും തര്‍ക്കങ്ങളേയും കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ക്ക് അന്ത്യമാവുകയും ചെയ്യും. കേന്ദ്രീകൃത അച്ചടക്കവുമായി യോജിപ്പിച്ച സജീവമായ ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ അഭിമാനകരമായ പാരമ്പര്യം സിപിഐ (എം)നുണ്ട്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആ പാരമ്പര്യത്തെ പ്രതിനിധീകരിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യും.

(സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രകാശ്‌ കാരാട്ട്

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം, മുന്‍ ജനറല്‍ സെക്രട്ടറി

More Posts

This post was last modified on January 25, 2018 3:44 pm