X

കന്നുകാലി വ്യാപാര നിയന്ത്രണം; രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു

ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതിനെതിരെയും പ്രതിഷേധം ശക്തം

കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. ബീഫ് ഫെസ്റ്റില്‍ നടത്തിയും മറ്റുമാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത്. ഇതിനിടെ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിന്റെ പേരില്‍ മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെതിരെയും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തൃശൂര്‍ സ്വദേശിയും ഗവേഷക വിദ്യാര്‍ത്ഥിയുമായ സൂരജ് ആര്‍ ആണ് മര്‍ദ്ദനത്തില്‍ കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വ്യാപാര നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുകയും ചെയ്ത 80 വിദ്യാര്‍ത്ഥികളില്‍ സൂരജുമുണ്ടായിരുന്നു.

സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മര്‍ദ്ദനമേറ്റ സൂരജിനെതിരെയും പോലീസ് കേസെടുത്തിരിക്കുകയാണ്. തങ്ങളെ മര്‍ദ്ദിച്ചെന്ന എബിവിപി പ്രവര്‍ത്തകരുടെ പരാതിയിലാണ് സൂരജിനെതിരെ കേസ്. ഇതിനിടെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ ഉത്തരവിന് മദ്രാസ് ഹൈക്കോടതി 45 ദിവസത്തെ സ്‌റ്റേ പ്രഖ്യാപിച്ചിരുന്നു. കന്നുകാലി കശാപ്പ് നിരോധനം വ്യക്തികളുടെ എന്ത് കഴിക്കണമെന്ന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് കോടതി വിലയിരുത്തിയത്.

കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യരുതെന്ന നിയമം അംഗീകരിക്കാനാകില്ലെന്ന് പശ്ചിമബംഗാളിനും കേരളത്തിനും പിന്നാലെ ഇന്ന് ത്രിപുരയും വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നയം ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരും ഈ നിലപാട് സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റേത് പാര്‍ലമെന്റിന്റെ അധികാരം പിടിച്ചെടുക്കുന്ന നിലപാടാണെന്നും നിയമം ദുരുപയോഗം ചെയ്യലാണെന്നും ചൂണ്ടിക്കാട്ടി മേഘാലയ മുഖ്യമന്ത്രി മുകുല്‍ സംഗ്മയും രംഗത്തെത്തി. അതേസമയം മേഘാലയയിലെ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തന്നെ ഉത്തരവില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.

ഈ വിഷയത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും വ്യാപാര സംഘടനകളും ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും അറിയിച്ചു. ഇതിനിടെ പോത്തിനെ കന്നുകാലിയുടെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് പരിശോധിക്കാനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കമെന്ന് വാര്‍ത്താ സ്രോതസുകള്‍ വ്യക്തമാക്കുന്നു. കാള, പശു, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയെ കന്നുകാലിയുടെ ഗണത്തില്‍പ്പെടുത്തിയാണ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതേസമയം ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് തിരിച്ചെത്തിയ ശേഷം മാത്രമേ ഇനി ഈ വിഷയത്തില്‍ പുതിയ വിജ്ഞാപനമെന്തെങ്കിലും പ്രതീക്ഷിക്കാനാകൂ. പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധനും പ്രധാനമന്ത്രിക്കൊപ്പം യാത്രയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജിയും ഈ വിഷയത്തിലെ രൂക്ഷമായ എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നാണ് ഇരുവരും പറഞ്ഞത്.

കന്നുകാലി വ്യാപാരം കൃഷിയാവശ്യത്തിന് മാത്രമാകുമെന്നതാണ് പുതിയ കേന്ദ്രസര്‍ക്കാര്‍ നിയമം പറയുന്നത്. കശാപ്പിന് ആവശ്യമായ കന്നുകാലികളെ കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങണമെന്നും നിയമം പറയുന്നു. എന്നാല്‍ ഇത് മാംസ വ്യാപാര മേഖലയെ ഗുരുതരമായാണ് ബാധിക്കുക. മാംസ വ്യാപാരികള്‍ ഇത് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

This post was last modified on May 31, 2017 5:50 pm