X

റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമം: മ്യാന്‍മറിലേക്കുള്ള യുഎന്‍ സംഘത്തെ ഇന്ദിര ജയ്‌സിംഗ് നയിക്കും

വടക്കുപടിഞ്ഞാറന്‍ രാഖിന്‍ പ്രവിശ്യയില്‍ നിന്ന് 75,000ത്തിനടുത്ത് റോഹിങ്ക്യകളാണ് സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

മ്യാന്‍മറില്‍ ന്യൂനപക്ഷവിഭാഗമായ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച യുഎന്‍ കമ്മീഷനെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗ് നയിക്കും. മ്യാന്‍മാറില്‍ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരെ വലിയ തോതില്‍ വംശീയാക്രമണങ്ങള്‍ നടക്കുന്നുണ്ട്. കൂട്ടക്കൊലകള്‍ക്കും ബലാത്സംഗങ്ങള്‍ക്കും വലിയ തോതില്‍ റോഹിങ്ക്യകള്‍ ഇരയാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വടക്കുപടിഞ്ഞാറന്‍ രാഖിന്‍ പ്രവിശ്യയില്‍ നിന്ന് 75,000ത്തിനടുത്ത് റോഹിങ്ക്യകളാണ് സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. സൈന്യം റോഹിങ്ക്യകളെ കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും വ്യാപകമായി ഇരയാക്കുന്നതായാണ് ഫെബ്രുവരിയിലെ യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. റോഹിങ്ക്യ അഭയാര്‍ത്ഥികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബുദ്ധമത തീവ്രവാദികളും റോഹിങ്ക്യകള്‍ക്കെതിരെ വ്യാപകം അക്രമം അഴിച്ചുവിടുന്നുണ്ട്. മാര്‍ച്ചില്‍ അന്വേഷണ കമ്മീഷന്‍ സ്ഥാപിക്കുന്നതിനായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രമേയം അംഗീകരിച്ചിരുന്നു. കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതും ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതും ഉറപ്പ് വരുത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി അഭിഭാഷക എന്നതിന് പുറമെ സാമൂഹ്യപ്രവര്‍ത്തകയുമാണ് ഇന്ദിര ജയ്‌സിംഗ്. സ്ത്രീകളും കുട്ടികളും ഇരയാവുന്ന കേസുകളില്‍ നിയമസഹായം നല്‍കുന്നതില്‍ കേന്ദ്രീകരിക്കുന്ന ലോയേഴ്്‌സ് കളക്ടീവ് എന്ന സംഘടനയുടെ സ്ഥാപകയാണ് അവര്‍. ഇന്ത്യയുടെ ആദ്യത്തെ വനിതാ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമാണ് ഇന്ദിര ജയ്‌സിംഗ്. ശ്രീലങ്കന്‍ അഭിഭാഷക രാധിക കുമാരസ്വാമിയും ഓസ്‌ട്രേലിയന്‍ നിയമ വിദഗ്ധന്‍ ക്രിസ്റ്റഫര്‍ ഡൊമിനികുമാണ് അന്വേഷണ കമ്മീഷനിലെ മറ്റംഗങ്ങള്‍.

This post was last modified on May 31, 2017 3:22 pm