X

മോദിക്കറിയാമോ ‘ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം രാജീവ് ഗാന്ധിയാണെ’ന്ന് പറഞ്ഞ വാജ്പേയിയെ?

അടൽ ബിഹാരി വാജ്പേയിയും രാജീവ് ഗാന്ധിയും തമ്മിൽ നിലനിന്നിരുന്ന രാഷ്ട്രീയാതീതമായ ഊഷ്മളബന്ധത്തിന്റെ കഥയാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സ്ഥിരമായി പ്രയോഗിക്കുന്ന തന്ത്രങ്ങളിലൊന്ന് മരിച്ചുപോയ കോൺഗ്രസ് നേതാക്കളുടെ കുറവുകൾ ചൂണ്ടിക്കാട്ടലാണ്. നെഹ്റുവിലും ഇന്ദിരയിലും കറങ്ങിക്കളിച്ചിരുന്ന മോദി ഒടുവിൽ രാഹുൽ ഗാന്ധിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. രാജീവ് ഗാന്ധിക്കെതിരെ ആരോപണങ്ങളുയർന്ന ബൊഫോഴ്സ് കുംഭകോണമാണ് മോദി പ്രചാരണ റാലികളിൽ വിഷയമാക്കിയിരിക്കുന്നത്.

ഇതിന് മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പഴയൊരു കഥയാണ്. അടൽ ബിഹാരി വാജ്പേയിയും രാജീവ് ഗാന്ധിയും തമ്മിൽ നിലനിന്നിരുന്ന രാഷ്ട്രീയാതീതമായ ഊഷ്മളബന്ധത്തിന്റെ കഥയാണിത്. പാർലമെന്റിൽ പ്രതിപക്ഷത്തെ എല്ലാവരെയും വാക്കുകൾ കൊണ്ട് കടന്നാക്രമിക്കുമായിരുന്ന രാജീവ് ഗാന്ധി പക്ഷെ, വാജേപേയിയോട് സൗമ്യനായിരുന്നു. എതിർകക്ഷികളിലുള്ള രാഷ്ട്രീയക്കാരെ ശത്രുക്കളായി കാണാതെ എതിരാളികളായി മാത്രം കാണാൻ ശീലിച്ച വാജ്പേയിയുടെ സ്വഭാവഗുണമായിരുന്നു അതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. താനും രാജീവ് ഗാന്ധിയും തമ്മിലുള്ള സ്നേഹബന്ധത്തെ തെളിയിക്കുന്ന ഒരു കഥ വാജ്പേയി തന്നെ പറഞ്ഞത് മാധ്യമപ്രവർത്തകനായ ഉല്ലേഖ് എൻപി എഴുതിയ “The Untold Vajpayee: Politician and Paradox” എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സംഭവം. വാജ്പേയിക്ക് കിഡ്നി സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായ അസുഖമാണ്. പുറത്തേ നല്ല ചികിത്സ ലഭിക്കുകയുള്ളൂ. എന്തു ചെയ്യുമെന്ന ആലോചനയിലിരിക്കുന്ന സന്ദർഭത്തിൽ രാജീവ് ഗാന്ധി തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചതായി വാജ്പേയി പറയുന്നു. തന്റെ അവസ്ഥ അദ്ദേഹം കേട്ടറിഞ്ഞിരുന്നു. ഇന്ത്യയുടെ ഒരു പ്രതിനിധി സംഘം ഐക്യരാഷ്ട്രസഭ സന്ദർശിക്കുന്നുണ്ട്. ഈ അവസരം ഉപയോഗിക്കുകയാണെങ്കിൽ ചികിത്സ കഴിഞ്ഞ് വരാമെന്ന് രാജീവ് വാജ്പേയിയെ അറിയിച്ചു. “അങ്ങനെ ഞാൻ ന്യൂയോർക്കിലേക്ക് പോയി. ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ ഒരു കാരണം രാജീവ് ഗാന്ധിയാണ്,” വാജ്പേയി പറഞ്ഞു.

1984നും 89നുമിടയിൽ രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ സംഭവം. വാജ്പേയിക്ക് വേണ്ട സഹായങ്ങളെല്ലാം യുഎന്നിലേക്കു പോയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി ചെയ്തു നൽകിയതായി വാജ്പേയി ഓർമിച്ചെടുക്കുകയുണ്ടായി. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സന്ദർഭത്തിൽ ഇക്കാര്യം അദ്ദേഹം മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറോടും പറയുകയുണ്ടായി.

This post was last modified on May 5, 2019 9:53 pm

Related Post
Leave a Comment