X

കടുത്ത ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാള്‍ രാഷ്ട്രപതിയാകുമ്പോള്‍

ക്രിസ്ത്യാനികളായും മുസ്ലീങ്ങളായും പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന രംഗനാഥ കമ്മീഷന്റെ നിര്‍ദ്ദേശത്തെയാണ് പ്രധാനമായും കോവിന്ദ് എതിര്‍ത്തത്.

ഇസ്ലാമും ക്രിസ്തുമതവും വൈദേശികമാണെന്നും അതുകൊണ്ട് തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍, അവര്‍ സാമ്പത്തികമായും സാമൂഹ്യമായും എത്രമാത്രം പിന്നോക്കം നില്‍ക്കുന്നവരായായും അവര്‍ക്ക് സംവരണം നല്‍കാന്‍ പാടില്ലെന്നും പറഞ്ഞൊരു ദേശീയ വക്താവുണ്ടായിരുന്നു ബിജെപിക്ക്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ സാത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച രംഗനാഥ കമ്മീഷന്‍ (നാഷണല്‍ റിലീജിയസ് ആന്‍ഡ് ലിംഗിസ്റ്റിക് മൈനോറിറ്റീസ് കമ്മീഷന്‍) റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് 2010ല്‍ ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആ വക്താവ് മറയില്ലാതെ വിഷം ചീറ്റിയത്. രാംനാഥ് കോവിന്ദ് എന്ന ഈ നേതാവ് ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഇസ്ലാമിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും പരിവര്‍ത്തനം നടത്തിയ ദളിതര്‍ക്ക് സംവരണം നല്‍കാന്‍ പാടില്ലെന്ന് പറഞ്ഞ് ബിജെപിക്ക് വേണ്ടി ഈ വക്താവ് പ്രസ്താവനയും ഇറക്കിയിരുന്നു. ക്രിസ്ത്യാനികളായും മുസ്ലീങ്ങളായും പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് സംവരണം നല്‍കണമെന്ന രംഗനാഥ കമ്മീഷന്റെ നിര്‍ദ്ദേശത്തെയാണ് പ്രധാനമായും കോവിന്ദ് എതിര്‍ത്തത്. ഇത് മതപരിവര്‍ത്തനം ചെയ്യാത്ത ദളിതര്‍ക്ക് അര്‍ഹതപ്പെട്ടത് കയ്യടക്കലാണെന്നും രാജ്യത്ത് മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതാണ് എന്നുമായിരുന്നു രാംനാഥ് കോവിന്ദ് പറഞ്ഞത്. ജോലിയിലും വിദ്യാഭ്യാസത്തിലും മാത്രമല്ല, തിരഞ്ഞെടുപ്പുകളിലും ദളിത് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ഇടങ്ങള്‍ ദളിത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും കയ്യടക്കും – രാംനാഥ് കോവിന്ദ് പറഞ്ഞു. സിഖ് ദളിതുകള്‍ക്ക് സംവരണം നല്‍കുമ്പോള്‍ എന്തുകൊണ്ട് ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണം നല്‍കുന്നില്ല എന്ന ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു അവര്‍ പുറത്ത് നിന്നുള്ളവരല്ലേ എന്ന വിവാദ പരാമര്‍ശം.

This post was last modified on June 20, 2017 3:04 pm