X

ഭക്ഷണം കഴിച്ച് ഐസിയുവിലായി; ശരവണ ഭവൻ 1.1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

1981ൽ പി രാജഗോപാലൻ തുടങ്ങിയ സ്ഥാപനമാണ് ശരവണ ഭവൻ. തന്റെ ജീവനക്കാരന്റെ മകളെ സ്വന്തമാക്കാൻ ഇയാൾ നടത്തിയ ക്രിമിനൽ നീക്കങ്ങളും കൊലപാതകവും ഈയിടെ ചർച്ചകളിൽ നിറഞ്ഞിരുന്നു.

മോശം ഭക്ഷണം നൽകിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നയാളുടെ ഹരജിയിൽ ശരവണ ഭവൻ റെസ്റ്റോറന്റ് ശൃംഖലയ്ക്കെതിരെ കോടതി വിധി. 1.1 ലക്ഷം രൂപ പിഴയൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സുപ്രീംകോടതി വക്കീലിനാണ് ശരവണ ഭവനിൽ നിന്ന് ഭക്ഷണം കഴിച്ച് പണി കിട്ടിയത്. ഭക്ഷ്യവിഷബാധയേറ്റ് ഇദ്ദേഹത്തിന് ഏറെനാൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.

2014ൽ ശരവണഭവന്റെ ഹോട്ടലുകളിലൊന്നിൽ നിന്നാണ് എസ്‌കെ സാമി എന്ന പരാതിക്കാരൻ ഭക്ഷണം കഴിച്ചത്. ചെന്നൈയിലെ അണ്ണാ സലൈയിലുള്ള ബ്രാഞ്ചിലാണ് എസ്‌കെ സാമി പോയത്.

തമിഴ്നാട് സംസ്ഥാന കൺസ്യൂമർ റീഡ്രസ്സൽ കമ്മീഷനാണ് സാമിയുടെ പരാതിയിൽ അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് നൽകിയത്. 90 ലക്ഷം രൂപയാണ് ഇദ്ദേഹം താനനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ചോദിച്ചത്.

തനിക്ക് ആദ്യം തന്ന ഭക്ഷണത്തിൽ മുടിയിഴകൾ കണ്ടതിനെ തുടർന്ന് അത് മാറ്റിത്തരാൻ ആവശ്യപ്പെടുകയായിരുന്നു സാമി. ഇതിന് പകരമായി വേറെ ഭക്ഷണം കിട്ടി. എന്നാൽ ഈ ഭക്ഷണം കഴിച്ച് കുറച്ചു കഴിഞ്ഞപ്പോൾ വയറുവേദനയും ചർദ്ദിയുമെല്ലാം തുടങ്ങി. ശരീരം തിണർത്തു പൊങ്ങാനും തുടങ്ങി. ഇതെത്തുടർന്ന് ആശുപത്രിയിൽ പോയ സാമിയുടെ നില ഗുരുതരമായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തെ സംബന്ധിച്ചുള്ള തങ്ങളുടെ പരാതി കേട്ടപ്പോഴും ശരവണ ഭവൻ അധികൃതർ അതിലൊരു കുറ്റബോധവും പ്രകടിപ്പിക്കുന്നില്ലെന്നതും സാമിയുടെ വാദമായിരുന്നു.

1.1 ലക്ഷം രൂപയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്.

1981ൽ പി രാജഗോപാലൻ തുടങ്ങിയ സ്ഥാപനമാണ് ശരവണ ഭവൻ. തന്റെ ജീവനക്കാരന്റെ മകളെ സ്വന്തമാക്കാൻ ഇയാൾ നടത്തിയ ക്രിമിനൽ നീക്കങ്ങളും കൊലപാതകവും ഈയിടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും അതനുഭവിക്കുന്നതിനു മുമ്പെ രാജഗോപാലൻ മരണത്തിന് കീഴടങ്ങി.