X

ലൈംഗികാരോപണത്തില്‍ ചീഫ് ജസ്റ്റീസിന് ക്ലീന്‍ചിറ്റ് നല്‍കിയതിന് വനിതകളുടെ പ്രതിഷേധം; സുപ്രിംകോടതി പരിസരത്ത് നിരോധനാജ്ഞ

പരാതിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ലൈംഗികാരോപണം നേരിട്ട സുപ്രിം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്ക് ആഭ്യന്തര അന്വേഷണ സമിതി ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ വനിതാ സംഘടനകളുടെയും അഭിഭാഷകരുടെയും പ്രതിഷേധം. തുടര്‍ന്ന് സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാവിലെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു മണ്ഡി മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെയും പരാതിക്കാരി വിമര്‍ശിച്ചു. നീതി കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നേരത്തേ പിന്മാറിയിരുന്നു.

ആഭ്യന്തര അന്വേഷണ സമിതിയുടെ നടപടി വേദനിപ്പിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ തന്നോട് കാട്ടിയത് അനീതിയാണെന്ന് കുറ്റപ്പെടുത്തിയ അവര്‍ എല്ലാ തെളിവുകളും നല്‍കിയിട്ടും സംരക്ഷണം ലഭിക്കാതിരുന്നത് വല്ലാതെ ഭയപ്പെടുത്തുന്നുവെന്നും തനിക്കും കുടുംബത്തിനും തുടര്‍ന്നു നേരിടാനിരിക്കുന്ന ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നുവെന്നും പറഞ്ഞു.

ക്ലീന്‍ചിറ്റ് നല്‍കിയ വിധി സംബന്ധിച്ച് സുപ്രിംകോടതി വെബ്‌സൈറ്റില്‍ പറയുന്നത്, ‘സുപ്രിംകോടതി മുന്‍ജീവനക്കാരി മാര്‍ച്ച് പത്തൊന്‍പതിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുളള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് എസ്.എ. ബൊബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുതിര്‍ന്ന ജഡ്ജിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആരോപണ വിധേയനായ ചീഫ് ജസ്റ്റിസിനും നല്‍കി.’ എന്നാണ്.

പരാതിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ 2003ലെ ഇന്ദിരാ ജയ്‌സിങ് കേസില്‍ സുപ്രിംകോടതി ആഭ്യന്തരഅന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് വിധിയുണ്ടെന്നും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഏത് മുതിര്‍ന്ന ജഡ്ജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പരാതി കൈകാര്യം ചെയ്യുന്ന രീതി ഫുള്‍കോര്‍ട്ട് വിളിച്ച് പരിശോധിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര അന്വേഷണ സമിതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നേരില്‍ കണ്ട് ചന്ദ്രചൂഡ് ഇത് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read: മ്യാന്‍മറിലെ 500 ദിവസത്തെ തടവ് ജീവിതത്തിന് ശേഷം റോയിട്ടേഴ്‌സിന്റെ പുലിറ്റ്‌സര്‍ ജേതാക്കളായ രണ്ട് മാധ്യമപ്രവര്‍ത്തകരും മോചിതരായി

This post was last modified on May 7, 2019 1:09 pm