X

സവര്‍ക്കറില്‍ വിശ്വാസമില്ലാത്തവരെ പരസ്യമായി തല്ലണമെന്ന് ഉദ്ധവ് താക്കറെ

സവര്‍ക്കറെ അപമാനിക്കുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില ഇനിയും മനസിലായിട്ടില്ലെന്നും താക്കറെ

വി ഡി സവര്‍ക്കറെ വിശ്വാസമില്ലാത്തവരെ പരസ്യമായി തല്ലണമെന്ന് ശിവ് സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സവര്‍ക്കറെ വിശ്വസിക്കാത്തവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള പ്രാധാന്യം മനസിലാക്കുന്നവരല്ലെന്നും താക്കറെ പറയുന്നു. മുമ്പ് രാഹുല്‍ ഗാന്ധി പോലും സവര്‍ക്കറെ അപമാനിച്ചിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സര്‍വകലാശാലയുടെ ഗെയ്റ്റിന് പുറത്ത് എബിവിപി സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍ എസ് യു നേതാക്കള്‍ ചെരുപ്പ് മാല അണിയിക്കുകയും കറുത്ത പെയിന്റ് അടിക്കുകയും ചെയ്തതിന് പിന്നാലെയാണ് താക്കറെയുടെ പ്രസ്താവനയും പുറത്തു വരുന്നത്. മഹാരാഷ്ട്രയില്‍ ആദരണീയ വ്യക്തിയായ സവര്‍ക്കറെ അപമാനിക്കുന്നവരെ പരസ്യമായി തല്ലണമെന്നും സ്വാതന്ത്ര്യത്തിന്റെ വില അവര്‍ക്ക് മനസിലാക്കിക്കൊടുക്കണമെന്നുമാണ് താക്കറെ പറയുന്നത്.

സവര്‍ക്കറെ അപമാനിക്കുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വില ഇനിയും മനസിലായിട്ടില്ലെന്നും താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച സവര്‍ക്കറുടെ പ്രതിമയില്‍ കറുത്ത പെയിന്റ് അടിച്ച എന്‍ എസ് യു നേതാക്കള്‍ ഭഗത് സിംഗിന്റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും പ്രതിമകളില്‍ പുഷ്പഹാരം അര്‍പ്പിക്കുകയും ചെയ്തു.

എബിവിപി ഭരിയ്ക്കുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനാണ് ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് പ്രതിമകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ എന്‍ എസ് യുവും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെയും ഭഗത് സിംഗിന്റെയും തട്ടില്‍ സവര്‍ക്കറെയും സ്ഥാപിക്കാനാകില്ലെന്നാണ് ഇവര്‍ വാദിച്ചത്.

also read:നീതി ആയോഗിനെ തള്ളി ധന മന്ത്രി നിര്‍മ്മല സീതാരാമന്‍, ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതെന്ന് അവകാശവാദം

This post was last modified on August 23, 2019 8:46 pm