X

നങ്ങേലി മുല മുറിച്ച് കൊടുത്തത് ഒരു സാമ്പത്തിക പ്രശ്‌നമാണെന്ന് പറയുന്നത് പോലെയാണ് കെവിന്റേത് ദുരഭിമാനക്കൊലയാക്കി മാത്രം നിര്‍ത്തുന്നത്, അത് ജാതിക്കൊലയാണ്

നമ്മള്‍ ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരാണ്. ഇവിടെ നടക്കുന്നത് പിന്നെന്താണ്? ഖാപ്പ് പഞ്ചായത്ത് പോലൊരു സംവിധാനം ഇല്ലെന്നു മാത്രം.

കെവിന്‍ കൊലപാതകത്തെ ദുരഭിമാന കൊല ആയിട്ടല്ല, ജാതിക്കൊല എന്നു തന്നെ അടയാളപ്പെടുത്തണം. ദുരഭിമാനം മനുഷ്യര്‍ക്ക് പലരൂപത്തില്‍ ഉണ്ടാകാം. കെവിന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജാതിമേന്മ ബോധമാണ്. അതാണ് പ്രതികളെ ദുരഭിമാനത്തിലേക്ക് നയിച്ചത്. ദുരഭിമാനം എന്നു മാത്രം പറയുന്നത് ഇതിനകത്ത് ഉള്‍ചേര്‍ന്നിരിക്കുന്ന ജാതിഘടകത്തെ മറയാക്കാന്‍ കൂടിയാണ്. ജാതി എന്ന വാക്ക് മറയ്ക്കാനുള്ള പരിശ്രമം ദുരഭിമാനക്കൊല എന്ന കണ്ടുപിടത്തത്തില്‍ ഉണ്ട്. ജാതി ദുരഭിമാനം എന്നു തന്നെ പറഞ്ഞു വേണം കെവിനെക്കുറിച്ച് സംസാരിക്കാന്‍.

ദുരഭിമാനം എന്നു പറയുമ്പോള്‍ പൊതുവില്‍ ശരിയെന്നു തോന്നാം. പക്ഷേ, ദുരഭിമാനം പലതരത്തില്‍ ഉണ്ടാകുന്നുണ്ട്. കുടുംബത്തിന്റെ പേരില്‍, സാമ്പത്തികമായി, ഔദ്യോഗികമായി അങ്ങനെ പലതരത്തില്‍. ഇവിടെ അതുണ്ടായിരിക്കുന്നത് ജാതി കാരണമാണ്. അതുകൊണ്ടാണ് കെവിന്‍ ജാതിദുരഭിമാനത്തിന്റെ ഇരയാണെന്നു പറയുന്നത്. ദുരഭിമാനം എന്ന വാദം മാത്രം നിരത്തിയാല്‍ ജാതി വിഷയം പരിഗണിക്കപ്പെടാതെ പോകും.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ 90 ശതമാനവും സംഘപരിവാറുകാരാണ്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ലക്ഷക്കണക്കിന് ദളിതര്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തി വരികയാണ്. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ അതിനെ പരിപൂര്‍ണമായി അവഗണിച്ചിരിക്കുന്നു. മോദിക്കും ബിജെപിക്കും എതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടക്കുന്നുവെന്ന കാര്യം മറച്ചു വയ്ക്കാന്‍ നടത്തുന്ന കൗശലമാണത്. അതേ കൗശലം തന്നെയാണ് കെവിന്റെ കൊലപാതകം ദുരഭിമാനക്കൊല എന്നു പറഞ്ഞുകൊണ്ട് ജാതിക്കൊലയെ മറച്ചുവയ്ക്കുന്നതിലും കാണിക്കുന്നത്.

കെവിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടത്തിയിരുന്നു. ഞാനും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നെക്കൂടാതെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പത്തുമിനിട്ടോളം ഈ വിഷയം സംസാരിച്ചപ്പോഴും ജാതി എന്നൊരു വാക്ക് ഉപയോഗിച്ചില്ല. എന്റെ ഊഴം വരുമ്പോഴൊക്കെ ഇതൊരു ജാതിക്കൊലയാണെന്നു തന്നെയാണ് ഞാന്‍ പറഞ്ഞത്. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ജാതിയെ എങ്ങനെ മറച്ചുപിടിക്കാമെന്നുള്ള ആലോചനയാണ് ഇവിടെയിപ്പോള്‍ നടക്കുന്നത്. നങ്ങേലി മുല മുറിച്ചു കൊടുത്തത് പൈസയില്ലാത്തതുകൊണ്ടാണ്, അതൊരു സാമ്പത്തികപ്രശ്നമാണ് എന്നു പറയുന്ന ബുദ്ധിജീവികള്‍ ഉള്ള കാലമാണിത്. ഇത്തരം അതിബുദ്ധിയാണ് കെവിന്റെ കാര്യത്തിലും കാണിച്ചുകൊണ്ടിരിക്കുന്നത്.

കെവിന്റേത് ജാതി കൊലയാണെന്ന് ആവര്‍ത്തിച്ച് പറയുന്നതിന് കാരണം, ഈ വിഷയം സമൂഹത്തിനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നതുകൊണ്ടാണ്. ആ ചെറുപ്പക്കാരന്‍ കൊല ചെയ്യപ്പെടാന്‍ കാരണമായ ഘടകം എന്താണെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തണം. പ്രതികളെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമല്ല, ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടത്, ചില പാഠങ്ങള്‍ സമൂഹം പഠിക്കാന്‍ വേണ്ടി കൂടിയാണ്. കെവിന്‍ കൊലക്കേസ് നിങ്ങള്‍ ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലല്ല ചര്‍ച്ച ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ ഒരു പാഠവും പഠിക്കാന്‍ പോകുന്നില്ല. മക്കള്‍ ആരെയെങ്കിലും പ്രേമിച്ചാല്‍ വിവാഹം ചെയ്തു കൊടുത്തേക്കാം എന്ന നിഷ്‌കളങ്കമായ പാഠമാണോ നിങ്ങള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നത്? ഈ സമൂഹം എത്രമാത്രം ജീര്‍ണമായ മൂല്യങ്ങളാലാണ് നയിക്കപ്പെടുന്നതെന്നാണ് നിങ്ങളോര്‍ക്കേണ്ട കാര്യം. ഈ കേസിലെ ഒന്നാം പ്രതി ഗള്‍ഫില്‍ ആയിരുന്നു. അയാളെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് നാട്ടില്‍ കൊണ്ടുവരികയാണ് ചെയ്തത്. അവന്‍ ഇവിടെ വന്ന്, കൂട്ടുകാരെ സംഘടിപ്പിച്ച്, മദ്യപിച്ച് മൂന്നു കാറുകളിലായി വന്നാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. ഇതൊക്കെ ചെയ്യിക്കാനായി ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നയിച്ച വികാരം എന്തായിരുന്നുവെന്നതാണ് സമൂഹം ശ്രദ്ധിക്കേണ്ടത്. ആ പെണ്‍കുട്ടിയെക്കുറിച്ച്, പതിനാറാമത്തെ വയസില്‍ അമ്മയുടെ ഗര്‍ഭപാത്രം ചവിട്ടി തകര്‍ത്തവളെന്നാണ് പിതാവ് ചാക്കോ പറയുന്നത്. അങ്ങനെ ചെയ്തൊരുവളാണെങ്കില്‍ അവള്‍ ആരുടെ കൂടെ പോയാലും പോയ്ക്കോട്ടെ എന്നു വയ്ക്കുകയായിരുന്നില്ലേ വേണ്ടത്. എന്തിനവര്‍ അവരുടെ പിറകെ വന്നു? അതിനുള്ള കാരണമാണ് ജാതിമേന്മ ബോധം. ഒരു ദളിത് ക്രിസ്ത്യാനിയുടെ കൂടെ മകള്‍ പോയാല്‍ സമൂഹത്തില്‍ തങ്ങള്‍ അപമാനിക്കപ്പെടും എന്ന ബോധമാണ് ഇതൊക്കെ ചെയ്യിച്ചത്. ഇതര മതസ്ഥരായിരുന്നു ചാക്കോയും ഭാര്യയും എന്നോര്‍ക്കണം. രണ്ട് ജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ വിവാഹം കഴിച്ചൂ എന്നതുകൊണ്ട് ഒരാള്‍ ജാതി ദുരഭിമാനത്തില്‍ നിന്നും പുറത്ത് കടക്കണമെന്നില്ല എന്നാണവര്‍ തെളിയിച്ചിരിക്കുന്നത്. രണ്ട് ജാതിയില്‍ ഉള്ളവരോ മതത്തിലുള്ളവരോ പരസ്പരം വിവാഹം ചെയ്താലും അവരാ ജാതിയിലും മതത്തിലും തന്നെയാണ് നില്‍ക്കുന്നത്. ആന്തരികമായി പരിഷ്‌കരിക്കുന്നില്ല, പഴയ മനുഷ്യരായി തന്നെ തുടരുന്നു. ഒരു നായര്‍ യുവാവ് ദളിത് സ്ത്രീയെ വിവാഹം കഴിച്ചാലും അവന്‍ നായര്‍ ആയി തന്നെ നില്‍ക്കും. അവന്റെയുള്ള് മാറുന്നില്ല. വലിയ ജോലിയും വിദ്യാഭ്യാസവുമുള്ള എത്രയോ ദളിത് സ്ത്രീകളെയാണ് തേരാപ്പാര നടക്കുന്ന സവര്‍ണ ചെറുപ്പക്കാര്‍ വിവാഹം ചെയ്തിരിക്കുന്നത്. അവരൊക്കെ ജാതിരഹിതന്മാരായെന്നു പറയുന്നതിലൊര്‍ത്ഥവുമില്ല. അതൊക്കെയവന്റെ കൗശലമാണ്. ജാതിരഹിതനാകണമെങ്കില്‍ ജീവിതത്തില്‍ പരിശീലിക്കണം. അതിനു മലയാളിയെ പ്രാപ്തനാക്കാനുള്ള സന്ദര്‍ഭമാണിത്. അങ്ങനെ മലയാളി പ്രാപ്തനാകണമെങ്കില്‍ എന്താണിവിടുത്തെ പ്രശ്നം എന്നുകൂടിയവന്‍ മനസിലാക്കണം. അതുകൊണ്ടാണ് കെവിന്‍ കൊല്ലപ്പെട്ടത് ജാതിമേന്മ ബോധത്തില്‍ നിന്നുണ്ടായ ദുരഭിമാനം മൂലമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.

ഈ കേസ് ഒരു സമൂഹ്യപാഠം ആയി മാറണം. ചാക്കോ രക്ഷപ്പെട്ടതില്‍ രോഷം കൊണ്ടിട്ടു മാത്രം കാര്യമില്ല. പ്രതികളെ ജയില്‍ ഇടുന്നതും തൂക്കിക്കൊല്ലുന്നതുമൊന്നുമല്ല സാമുഹ്യപാഠം. പ്രതികള്‍ ശിക്ഷപ്പെടുന്നതുകൂടാതെ സമൂഹവും ഒരു പാഠം പഠിക്കണം. അത് നടക്കണമെങ്കില്‍ ഈ വിഷയത്തിന്റെ യഥാര്‍ത്ഥ അന്തഃസത്ത തുറന്നു ചര്‍ച്ച ചെയ്യണം. അങ്ങനെയൊരു ചര്‍ച്ച വേണ്ടെന്നാണെങ്കില്‍, ഞങ്ങള്‍ ഇതില്‍ നിന്നൊന്നും പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സമൂഹത്തിന്റെ നിലപാട്.

നമ്മള്‍ ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരാണ്. ഇവിടെ നടക്കുന്നത് പിന്നെന്താണ്? ഖാപ്പ് പഞ്ചായത്ത് പോലൊരു സംവിധാനം ഇല്ലെന്നു മാത്രം. ഓമനക്കുട്ടനെതിരേ നടപടിയെടുത്ത വേഗം കണ്ടില്ലേ! ഖാപ്പ് പഞ്ചായത്ത് പോലും ശിക്ഷ വിധിക്കുന്നതിനു മുമ്പ് പ്രതിയേയും പരാതിക്കാരെയും വിളിച്ചു വരുത്താറുണ്ട്. ഇവിടെ അതിലും മോശമായാണ് കാര്യങ്ങള്‍ നടത്തുന്നത്. പുരോഗമന പുരുഷന്റെ വേഷം കെട്ടിക്കൊണ്ട് ഖാപ്പ് പഞ്ചായത്തുകളെക്കാള്‍ മോശമായ കാര്യങ്ങളാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ രീതികളോടൊത്ത് താരതമ്യം ചെയ്യുകയല്ല, അവിടുത്തേക്കാള്‍ ക്രൂരമാണിവിടെ കാര്യങ്ങള്‍ എന്നാണ് മനസിലാക്കേണ്ടത്. ഒമനക്കുട്ടന്‍ ദളിതന്‍ ആയതുകൊണ്ട് അയാളോട് ഒന്നും ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. പ്രതികളെ വിളിച്ചു വരുത്തി ചോദിക്കാനുള്ള ജനാധിപത്യമെങ്കിലും ഖാപ്പ് പഞ്ചായത്തുകളില്‍ നടക്കുന്നുണ്ടെന്നോര്‍ക്കുമ്പോള്‍ ഇവിടുത്തെ ജീര്‍ണത എത്രത്തോളമാണെന്നോര്‍ക്കണം. അത് മാറണമെങ്കില്‍, കെവിന്‍ കൊല്ലപ്പെട്ടത് ജാതി മൂലമാണെന്നു തന്നെ പറഞ്ഞു പഠിച്ചും പഠിപ്പിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തണം.

(സണ്ണി എം കപിക്കാടുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സണ്ണി എം കപിക്കാട്‌

ദളിത്‌ ചിന്തകന്‍, എഴുത്തുകാരന്‍

More Posts

Follow Author: