X

തീയറ്ററില്‍ ദേശീയഗാനമില്ലെങ്കില്‍ കുഴപ്പമില്ല; സദാചാര പൊലീസ് കളി വേണ്ട, വിധി പുന:പരിശോധിച്ചേക്കുമെന്ന് സുപ്രീം കോടതി

ആളുകള്‍ സിനിമ തീയറ്ററില്‍ പോകുന്നത് വിനോദത്തിന് വേണ്ടിയാണ്. അവിടെ വേണ്ടത് വിനോദമാണ്, അല്ലാതെ സദാചാര പൊലീസിംഗല്ല

ദേശീയഗാനം തീയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പ് നിര്‍ബന്ധമാക്കുകയും അംഗപരിമിതികള്‍ ഉള്ളവര്‍ ഒഴികെയുള്ളവരെല്ലാം എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള വിധി പുന:പരിശോധിച്ചേക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചതും ദീപക് മിശ്ര തന്നെയാണ്. എല്ലാ സമയത്തും ദേശഭക്തിയുടെ പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട സദാചാര പൊലീസിംഗ് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. തീയറ്ററുകളില്‍ ദേശീയഗാനം വയ്ക്കാത്തത് ദേശവിരുദ്ധതയായി കാണാനാവില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

2016ലെ സുപ്രീംകോടതിയുടെ തന്നെ ഇടക്കാല ഉത്തരവില്‍, ഹര്‍ജി പരിഗണിച്ച ബഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അതൃപ്തി രേഖപ്പെടുത്തി. ഈ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുമോ എന്ന് ആളുകള്‍ ഭയക്കുന്നതായി ചന്ദ്രചൂഡ് നിരീക്ഷിച്ചു. ആളുകള്‍ സിനിമ തീയറ്ററില്‍ പോകുന്നത് വിനോദത്തിന് വേണ്ടിയാണ്. അവിടെ വേണ്ടത് വിനോദമാണ്, അല്ലാതെ സദാചാര പൊലീസിംഗല്ല – ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on October 23, 2017 5:41 pm