X

ഭരണകൂട അട്ടിമറി; ഇന്ത്യക്ക് തുര്‍ക്കിയുടെ മുന്നറിയിപ്പ്

അഴിമുഖം പ്രതിനിധി

തുര്‍ക്കിയില്‍ ഭരണകൂട അട്ടിമറി ശ്രമം നടത്തിയവരെന്ന് ആരോപിക്കുന്ന ‘ഫത്ഹുല്ല ഗുലെന്‍ ടെറര്‍ ഓര്‍ഗനൈസേഷന്‍’ (എഫ്ഇടിഒ) ഇന്ത്യയിലേക്കും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെല്‍വറ്റ് കാവുസോഗ്‌ലു. സംഘം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും രഹസ്യസ്വഭാവത്തിലുള്ള ക്രിമിനല്‍ നെറ്റ്‌വര്‍ക് സ്ഥാപിച്ചിരുന്നതായാണ് തുര്‍ക്കി വിദേശകാര്യമന്ത്രി പറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവൂസോഗ്‌ലു ഗൗരവമേറിയ ഈ വിഷയം പറഞ്ഞത്.

തുര്‍ക്കിയിലെ എല്‍ദോഗന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യുഎസില്‍ പ്രവാസ ജീവിതം നയിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫെത്തുല്ല ഗുലെന്‍ നേതൃത്വം നല്‍കുന്ന എഫ്ഇടിഒ ശ്രമിച്ചത് കഴിഞ്ഞ മാസമാണ്. പട്ടാളത്തിലെ ഒരു വിഭാഗത്തെ ഉപയോഗിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാനാണു ശ്രമം ഉണ്ടായത്.

എല്ലാ രാജ്യങ്ങളിലും എഫ്ഇടിഒയുടെ സാന്നിധ്യമുണ്ട്. എത്രയും വേഗം ഇവരെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തങ്ങള്‍ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി അറിയിച്ചു. ഭീകരവാദമെന്നത് ഇന്ത്യയ്ക്കും തുര്‍ക്കിക്കും വലിയ ഭീഷണിയാണ്. അതിനാല്‍ ഇത്തരം വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയാണ്. പരസ്പര സഹകരണത്തിലൂടെയും ഐക്യത്തിലൂടെയും ഭീകരവാദത്തിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ നിര്‍ദേശം ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

This post was last modified on December 27, 2016 2:38 pm