X

വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം; വീട്ടിലുള്ള അഞ്ചു പേരെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഇവരുടെ കുടുംബത്തില്‍ കടബാധ്യതകളൊന്നും ഇല്ലെന്നും സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണെന്നും പോലീസ് പറയുന്നു.

വിവാഹം കഴിക്കാന്‍ വീട്ടില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാതാപിതാക്കളടക്കം അഞ്ചു പേരെ വെടിവച്ച് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മോഗ ജില്ലയില്‍ ശനിയാഴ്ച വെളുപ്പിനെയാണ് സംഭവം. 27 വയസുകാരനായ സന്ദീപ്‌ സിംഗ് എന്ന സണ്ണിയാണ് പിതാവ് മഞ്ജീത് സിംഗ് (55), മാതാവ് ബിന്ദര്‍ കൗര്‍ (50), സഹോദരി അമന്‍ദീപ് കൗര്‍ (33) ഇവരുടെ മൂന്നു വയസുള്ള മകന്‍ മനീത് കൗര്‍, മുത്തശ്ശി ഗുര്‍ദീപ് കൗര്‍ (70) എന്നിവരെ വെടിവച്ചു കൊന്ന ശേഷം അതേ തോക്കു കൊണ്ടു തന്നെ സ്വയം വെടിവച്ചു മരിച്ചത്. മുത്തശ്ശന്‍ ഗുര്‍ചരണ്‍ സിംഗി (80)-നു നേരെയും ഇയാള്‍ വെടിയുതിര്‍ത്തെങ്കിലും അദ്ദേഹം രക്ഷപെട്ടു.

അടുത്ത ഡിസംബറിലേക്ക് സന്ദീപിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്നായിരുന്നു ഇയാളുടെ നിലപാട്. ഇതേ ചൊല്ലി വീട്ടില്‍ എന്നും വഴക്കുണ്ടായിരുന്നുവെന്ന് മുത്തശ്ശന്‍ പോലീസിനോട് പറഞ്ഞു.

കൂട്ടക്കൊല നടത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പും സന്ദീപ് സിംഗ് സാധാരണ പോലെയാണ് പെരുമാറിയതെന്ന് മോഗ എസ്.പി ഹരീന്ദര്‍പാല്‍ സിംഗ് പറഞ്ഞു. ഫിറോസ്പൂരിലുള്ള സഹോദരിയേയും മരുമകനേയും വീട്ടിലേക്ക് കൊണ്ടുവന്നതും ഇയാളാണ്. തന്റെ പ്രതിശ്രുത വധുവുമായും സന്ദീപ് സിംഗ് സംസാരിച്ചിരുന്നു.

പോലീസ് പിന്നീട് ഇയാളുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ പറയുന്നത് സന്ദീപ് സിംഗ് ഒരുവിധത്തിലും വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു എന്നാണ്. താന്‍ അടുത്തിടെ മദ്യപാനം തുടങ്ങിയെന്നും അതിന്റെ പേരിലെങ്കിലും വിവാഹം മുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ കുറിപ്പില്‍ പറയുന്നു. താന്‍ ആകെ നിരാശയിലാണെന്നും ഇനി ചെയ്യാന്‍ പോകുന്ന കാര്യത്തിന് അയാള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും കുറിപ്പില്‍ പറയുന്നു. താന്‍ കുറച്ച് ഭൂമി വിറ്റിട്ടുണ്ടെന്നും അവിടെ താമസിച്ചിരുന്ന ഒരു മന്ത്രവാദി മുഴുവന്‍ കുടുംബത്തെയും ശപിച്ചിട്ടുണ്ടാവും എന്ന പരാമര്‍ശവും കത്തിലുണ്ട്.

തന്റെ പ്രതിശ്രുത വധുവിനോട്, താന്‍ മൂലം ആ പെണ്‍കുട്ടിയുടെ ജീവിതം തകരാന്‍ പാടില്ലെന്നും അതിനാല്‍ അവരോട് മാപ്പു പറയുന്നുവെന്നും കത്തിലുണ്ടെന്ന് പോലീസ് പറയുന്നു. ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു കൊലപാതകം.

ഇവരുടെ കുടുംബത്തില്‍ കടബാധ്യതകളൊന്നും ഇല്ലെന്നും സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണെന്നും പോലീസ് പറയുന്നു. 22 ഏക്കര്‍ ഭൂമി കുടുംബത്തിന് സ്വന്തമായുണ്ട്.