X

മുഖ്യമന്ത്രിയായത് യാദൃശ്ചികമായി, രാഷ്ട്രീയം വിടാന്‍ ആലോചിക്കുന്നു: കുമാരസ്വാമി

"യാദൃശ്ചികമായാണ് ഞാന്‍ മുഖ്യമന്ത്രിയായത്. രാഷ്ട്രീയക്കാരനായതും അങ്ങനെ തന്നെ".

താന്‍ മുഖ്യമന്ത്രിയായത് യാദൃശ്ചികമായാണ് എന്നും രാഷ്ട്രീയം വിടാന്‍ ആലോചിക്കുന്നതായും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജി വച്ച് ഒരാഴ്ച പിന്നിടുമ്പോളാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂന്നാഴ്ചയോളം നീണ്ട, ബിജെപിയുമായുള്ള ശക്തമായ അധികാര മത്സരത്തിനും രാഷ്ട്രീയ പ്രതിസന്ധിക്കും വിവാദങ്ങള്‍ക്കും ശേഷമാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്.

ഞാന്‍ ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. യാദൃശ്ചികമായാണ് ഞാന്‍ മുഖ്യമന്ത്രിയായത്. രാഷ്ട്രീയക്കാരനായതും അങ്ങനെ തന്നെ. രണ്ട് തവണ ഇത്തരത്തില്‍ യാദൃശ്ചികമായി മുഖ്യമന്ത്രിയായി. ഞാന്‍ ഇതില്‍ തൃപ്തനാണ്. മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി ഒന്നും ചെയ്തിട്ടില്ല – കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്റെ അച്ഛന്‍ എച്ച് ഡി ദേവഗൗഡ ഇപ്പോഴും പോരാട്ടം നിര്‍ത്തിയിട്ടില്ല. അദ്ദേഹത്തിന് അതിനുള്ള കരുത്തുണ്ടായിരിക്കും. അതേസമയം നിലവിലെ സാഹചര്യങ്ങളില്‍ എനിക്ക് അധികകാലം രാഷ്ട്രീയത്തില്‍ തുടരാനാകുമെന്ന് തോന്നുന്നില്ല.

നിലവിലെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ഇത് ജാതിയുടേയും പ്രതികാരത്തിന്റേയും രാഷ്ട്രീയമാണ്. എന്നെ ദൈവം രക്ഷിച്ചോളും. രാഷ്ട്രീയം വിടാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് എന്റെ കുടുംബത്തില്‍ ആരോടും ചോദിക്കരുത്. നിങ്ങള്‍ എന്നോട് മാത്രം ചോദിച്ചാല്‍ മതി. എനിക്ക് മടുത്തു. സമാധാനം വേണം. എനിക്ക് അവസരം കിട്ടിയപ്പോള്‍ പരമാവധി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അധികാര മത്സരത്തില്‍ താല്‍പര്യമില്ല.

2018 മേയ് 23ന് കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റ് അധികം വൈകാതെ തന്നെ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ അടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രി മന്ത്രി കുമാരസ്വാമിയും സഹോദരന്‍ എച്ച്ഡി രേവണ്ണയും ഭരണം നിയന്ത്രിക്കുന്നതായും പ്രധാന വകുപ്പുകള്‍ കയ്യടക്കി വച്ച ജെഡിഎസ്, കോണ്‍ഗ്രസ് മന്ത്രിമാരുടെ തീരുമാനങ്ങളില്‍ ഇടപെടുന്നതായും പരാതി ഉയര്‍ന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികളായ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും കുമാരസ്വാമിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചുതുടങ്ങി.

സിദ്ധരാമയ്യയെ ആണ് തങ്ങള്‍ മുഖ്യമന്ത്രിയായി കാണുന്നത് എന്ന് വരെ ചില എംഎല്‍എമാര്‍ പറഞ്ഞു. സഹികെട്ട കുമാരസ്വാമി രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നീട് ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസിലെ വിഭാഗീയത മൂര്‍ച്ഛിക്കുകയും ഇരു പാര്‍ട്ടികളിലേയും 16 വിമത എംഎല്‍എമാര്‍ രാജി വച്ച് സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുകയുമായിരുന്നു.

1996ല്‍ 36 വയസുള്ളപ്പോളാണ് കുമാരസ്വാമി രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. അക്കാലത്ത് കന്നഡ സിനിമകള്‍ നിര്‍മ്മിക്കുകയായിരുന്നു കുമാരസ്വാമി. അത് ഇപ്പോളും തുടരുന്നു. ബംഗളൂരുവിലെ കനകപുര മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. 2006ല്‍ ബിജെപി പിന്തുണയോടെ ആദ്യം മുഖ്യമന്ത്രിയായി. കാലാവധി പൂര്‍ത്തിയാക്കാനിയില്ല. 2018ല്‍ ജെഡിഎസിന് 37 സീറ്റ് മാത്രം കിട്ടിയിട്ടും കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ സഖ്യസര്‍ക്കാരുണ്ടാക്കുക എന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു. രണ്ടാം തവണയും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുമാരസ്വാമിക്ക് രാജി വയ്‌ക്കേണ്ടി വന്നു.

This post was last modified on August 4, 2019 8:23 am