X

കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

വലിയ കടബാധ്യതയുണ്ട് എന്നും ബിസിനസില്‍ പരാജയപ്പെട്ടതായും കോഫി ഡേ ഡയറക്ടര്‍മാര്‍ക്കുള്ള കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നു.

കാണാതായ കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം മംഗളൂരു നേത്രാവതി പുഴയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടക, കേരള പൊലീസ് സംഘങ്ങളും ഡൈവര്‍മാരും രണ്ട് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗളൂരുവിലെ ബെന്‍ലോക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ്.

തിങ്കളാഴ്ച വൈകീട്ടാണ് വി ജി സിദ്ധാര്‍ത്ഥയെ കാണാതായത്. പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ സിദ്ധാര്‍ത്ഥ, ഡ്രൈവറോട് പാലത്തിനപ്പുറം കാത്തുനില്‍ക്കാന്‍ പറയുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. വലിയ സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ എന്ന് കരുതുന്നു.

ALSO READ: കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേയിലേയ്ക്ക്; വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും

വലിയ കടബാധ്യതയുണ്ട് എന്നും ബിസിനസില്‍ പരാജയപ്പെട്ടതായും കോഫി ഡേ ഡയറക്ടര്‍മാര്‍ക്കുള്ള കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നുണ്ട്. ആദായ നികുതി വകുപ്പ് പീഡിപ്പിക്കുന്നതായും സിദ്ധാര്‍ത്ഥ പറഞ്ഞിട്ടുണ്ട്. പാലത്തിലിറങ്ങി നടക്കുകയായിരുന്നു സിദ്ധാര്‍ത്ഥ എന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍ ഒരു മണിക്കൂറായിട്ടും സിദ്ധാര്‍ത്ഥ തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ പരിഭ്രാന്തനായി. കുടുംബം പൊലീസില്‍ വിവരമറിയിച്ചു.

2017 സെപ്റ്റംബറില്‍ സിദ്ധാര്‍ത്ഥയുടെ ഓഫീസുകള്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു. 20 കേന്ദ്രങ്ങളിലാണ് അന്ന് റെയ്ഡ് നടന്നത്. ഇത് സിദ്ധാര്‍ത്ഥയെ കാര്യമായി ഉലച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ ബീന്‍ കയറ്റുമതിക്കാരാണ് സിദ്ധാര്‍ത്ഥയുടെ കമ്പനി. 130 വര്‍ഷത്തിലധികമായി കാപ്പി അനുബന്ധ വ്യവസായത്തില്‍ സജീവമാണ് സിദ്ധാര്‍ത്ഥയുടെ കുടുംബം. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മൈന്‍ഡ് ട്രീയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സിദ്ധാര്‍ത്ഥ.

This post was last modified on July 31, 2019 9:46 am

Related Post
Leave a Comment