X

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ‘പുതിയ’ പ്രസിഡന്റാകുമോ? പ്രവര്‍ത്തകസമിതിയില്‍ അഞ്ച് ഉപസമിതികളും നിര്‍ദ്ദേശിച്ചത് രാഹുലിന്റെ പേര്‌

സോണിയയും രാഹുലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തകസമിതി യോഗം ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് തുടരുന്നു. അഞ്ച് സബ് കമ്മിറ്റികളായി തിരിച്ചാണ് നടപടികള്‍ മുന്നോട്ടുപോകുന്നത്. അതേസമയം അഞ്ച് സബ് കമ്മിറ്റികളും നിര്‍ദ്ദേശിച്ചത് രാജി വച്ച രാഹുല്‍ ഗാന്ധിയുടെ പേര് തന്നെ.

സോണിയയും രാഹുലും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും, പ്രിയങ്ക ഗാന്ധി പങ്കെടുക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സോണിയയും രാഹുലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കഴിഞ്ഞ ലോക്‌സഭയിലെ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുന്നത് എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് യാതൊരു പങ്കുമുണ്ടാകില്ല എന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മേയ് 25ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തകസമിതി ഇത് അംഗീകരിച്ചിരുന്നില്ല. അതേസമയം രാജി തീരുമാനത്തില്‍ ഉറച്ചുനിന്ന രാഹുല്‍ കഴിഞ്ഞ മാസം രാജിക്കത്ത് ഔദ്യോഗികമായി പുറത്തുവിട്ടു. ഇതിന് ശേഷവും പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ശശി തരൂര്‍ അടക്കമുള്ളവര്‍ പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥ കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കിയതായി അഭിപ്രായപ്പെട്ടിരുന്നു.

നെഹ്രു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകട്ടെ എന്ന രാഹുലിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് 59കാരനായ മുകുള്‍ വാസ്‌നികിന്റെ പേര് പരിഗണിച്ചത്. പാര്‍ട്ടിയുടെ താഴേതട്ടില്‍ മുതല്‍ പ്രവര്‍ത്തകസമിതി വരേയും ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. പ്രിയങ്ക പ്രസിഡന്റാകുന്നതിനെ രാഹുല്‍ എതിര്‍ക്കുകയും ചെയ്തു.

ചെറുപ്പക്കാര്‍ പ്രസിഡന്റ് പദവിയില്‍ വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ശശി തരൂരും അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. സച്ചിന്‍ പൈലറ്റോ ജ്യോതിരാദിത്യ സിന്ധ്യയോ പ്രസിഡന്റ്ായേക്കും എന്ന അഭ്യൂഹവും ശക്തമായി. അതേസമയം ജ്യോതിരാദിത്യയെ ഇനി പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും കപില്‍ സിബലുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും ശക്തമായി എതിര്‍ത്തപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ അനുകൂലിച്ചത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കാശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ സോണിയ ഗാന്ധി തത്സമയം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

This post was last modified on August 10, 2019 9:58 pm