X

കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടില്ല, ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ ഉറങ്ങും

അര്‍ദ്ധരാത്രിയായാലും വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബിഎസ് യെദിയൂരപ്പ ആവശ്യപ്പെട്ടു.

കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് നടത്തേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം. വിശ്വാസ വോട്ട് നാളത്തേയ്ക് മാറ്റി. ഇന്ന് വൈകീട്ട് തന്നെ വിശ്വാസ വോട്ട് നടത്തണമെന്ന് ബിജെപിയുടെ ആവശ്യപ്രകാരം ഗവര്‍ണര്‍ വാജുഭായ് വാല സ്പീക്കറോട് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ ഇത് അംഗീകരിച്ചില്ല.

നിയമസഭയില്‍ കിടന്നുറങ്ങി പ്രതിഷേധിക്കാനാണ് ബിജെപി അംഗങ്ങളുടെ തീരുമാനം. അര്‍ദ്ധരാത്രിയായാലും വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബിഎസ് യെദിയൂരപ്പ ആവശ്യപ്പെട്ടു. അതേസമയം ബിജെപി തങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആരോപിച്ചു.

വിശ്വാസ വോട്ടും എംഎല്‍എമാരുടെ രാജിയും സംബന്ധിച്ച് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും അതേസമയം വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. 15 വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടില്‍ പങ്കെടുക്കുന്നില്ല. നിലവിലെ പിന്തുണ പ്രകാരം വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കേവല ഭൂരിപക്ഷവുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിയും. ബിജെപിക്ക് 107 അംഗങ്ങളുടേയും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 100 അംഗങ്ങളുടേയും പിന്തുണയുമാണുള്ളത്.

This post was last modified on July 18, 2019 9:10 pm