X

രാജി വച്ച 14 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗോവയിലേയ്ക്ക്

സിദ്ധരാമയ്യ അനുകൂലികളായ മൂന്ന് എംഎല്‍എമാരടക്കം 11 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്.

കര്‍ണാടകയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി വച്ച 14 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗോവയിലേയ്ക്ക്. സിദ്ധരാമയ്യ അനുകൂലികളായ മൂന്ന് എംഎല്‍എമാരടക്കം 11 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി അടക്കമുള്ളവരാണ് രാജി വച്ചത്. ഇവര്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് തീരുമാനം അറിയിച്ചു. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തോടുള്ള പ്രതിഷേധമാണ് പല എംഎല്‍എമാരും അറിയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരെ പിന്തിരിപ്പിക്കാനുള്ള മന്ത്രി ഡികെ ശിവകുമാറിന്റെ ശ്രമം ഫലം കണ്ടില്ല.

എംഎല്‍എമാരുടെ രാജിയുമായി ഒരു ബന്ധവുമില്ല എന്ന് ബിജെപി പറയുമ്പോളും വ്യക്തമായ ആസൂത്രണത്തോടെയുള്ള പദ്ധതിയാണ് ഇത്രയും എംഎല്‍എമാര്‍ രാജി വയ്ക്കുമ്പോള്‍ വെളിവാക്കപ്പെടുന്നത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബിജെപിക്ക് പങ്കില്ല എന്നെല്ലാം രാജി വച്ചവര്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ ബിജെപിയിലേയ്ക്ക് പോകുമെന്ന് തന്നെയാണ് സൂചന. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണം എന്ന് രണ്ട് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ പറയുന്നത്. കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ സജീവമാക്കിയിരുന്നു.

This post was last modified on July 6, 2019 7:14 pm